തേഞ്ഞിപ്പലം:ബാര്‍കോഡ് സംവിധാനത്തിലൂടെ ബിരുദ പരീക്ഷാഫലം അതിവേഗം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്ര നേട്ടം. അഫിലിയേറ്റഡ് കോളേജുകളിലെ റഗുലര്‍ വിദ്യാര്‍ഥികളുടെ അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷാഫലമാണ് 19 പ്രവൃത്തി ദിവസം കൊണ്ട് സർവകലാശാല പുറത്തുവിട്ടത്. കേരളത്തില്‍ ആദ്യമായിട്ടാണ് ബിരുദ ഫലം നവംബര്‍ 13 മുതല്‍ 30 വരെയായിരുന്നു പരീക്ഷ. 5,12,461 ഉത്തരക്കടലാസുകള്‍ കേന്ദ്രീകൃത മൂല്യനിര്‍ണയ സംവിധാനത്തിലൂടെ 150 ക്യാമ്പുകളിലായി ഏഴായിരത്തോളം അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തി. പരീക്ഷാഭവനിലെ ജീവനക്കാര്‍ ക്യാമ്പ് സെന്ററുകളിലെത്തിയാണ് ഇതിനു വേണ്ട സംവിധാനങ്ങള്‍ ഒരുക്കിയത്. ഡിസംബര്‍ 20-ന് ക്യാമ്പ് അവസാനിച്ചു. ഇന്ന് (ഡിസംബർ 23-ന്) വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഫലം പ്രഖ്യാപിച്ചു. വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലം 10 ദിവസത്തിനകം പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനം വേഗത്തിലാക്കാന്‍ പ്രയത്‌നിച്ച അധ്യാപകരെയും ജീവനക്കാരെയും വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റംഗങ്ങളും അഭിനന്ദിച്ചു.
സര്‍വകലാശാലാ ഡിജിറ്റല്‍ വിഭാഗത്തിലെ പ്രോഗ്രാമര്‍മാരെ ഉപയോഗിച്ചാണ് ബാര്‍കോഡ് അധിഷ്ഠിത സോഫ്റ്റ്വെയര്‍ സംവിധാനം വികസിപ്പിച്ചെടുത്തത്. ഉത്തരക്കടലാസുകളിലെ ഫാള്‍സ് നമ്പറിങ് ഒഴിവാക്കാന്‍ കഴിഞ്ഞതിലൂടെ മൂല്യനിര്‍ണയ നടപടികളിലെ ജോലിഭാരവും സമയനഷ്ടവും കുറയ്ക്കാന്‍ കഴിഞ്ഞു. പരീക്ഷാ നടപടികള്‍ വേഗത്തിലാക്കാന്‍ നടപ്പാക്കിയ സെന്റര്‍ ഫോര്‍ എക്‌സാമിനേഷന്‍ ഓട്ടോമേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നതായി വി.സി. പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബി.എഡ്. പരീക്ഷയിലാണ് ആദ്യമായി ബാര്‍കോഡ് പരീക്ഷിച്ചത്. ഫലം പ്രഖ്യാപിച്ച് 10 ദിവസത്തിനകം മാര്‍ക്ക് ലിസ്റ്റ് നല്‍കാനും കഴിഞ്ഞു. പിന്നീട് മറ്റു പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും പി.ജി. പരീക്ഷകള്‍ക്കും ഇതുപയോഗിച്ചു. ഫലപ്രഖ്യാപനച്ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ടി. വസുമതി, മറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, അഡ്വ. ജി. ലിജീഷ്, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. റിച്ചാര്‍ഡ് സ്‌കറിയ, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാംരാജ്, ഫിനാന്‍സ് ഓഫീസര്‍ എന്‍.എ. അബ്ദുള്‍ റഷീദ്, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ എ.ആര്‍. റാണി തുടങ്ങിയവര്‍ പങ്കെടുത്തു.