തിരുവനന്തപുരം:സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) യുഎഇയിൽ ഉടൻ ഓഫീസ് തുറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. മൂന്ന് ദിവസത്തെ അബുദാബി സന്ദർശനത്തിനെത്തിയ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയും ഇന്ത്യയും ഊഷ്മള ബന്ധമായ ബന്ധമാണ്. തന്ത്രപരമായ പങ്കാളിത്തത്തിൽ, പ്രത്യേകിച്ച് വിദ്യാഭ്യാസത്തിലും നൈപുണ്യത്തിലും, ഇന്ത്യയും യുഎഇയും ശക്തമായ ബന്ധമാണ് നിലനിക്കുന്നത്. ഇന്ത്യ യുഎഇയിൽ ഒരു ഐഐടി തുറക്കുകയാണ്. ഇന്ത്യയിലെ പല പ്രമുഖ സർവകലാശാലകളും ഇതിനകം ഇവിടെ വന്നിട്ടുണ്ടെന്നും ഇതിന്റെ തുടർച്ചയായാണ് സിബിഎസ്ഇ ഓഫീസ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
യുഎഇ വിദ്യാഭ്യാസ മന്ത്രി അഹ്മദ് അൽ ഫലാസിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. യോഗത്തിൽ, നിലവിലുള്ള വിദ്യാഭ്യാസ സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഇരു രാജ്യവും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ആഗോള സാമ്പത്തിക കേന്ദ്രമായ യുഎഇയും ആഗോള പ്രതിഭകളുടെ കേന്ദ്രമായ ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം പ്രധാൻ ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളും തങ്ങളുടെ സാംസ്കാരികവും ചരിത്രപരവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഒരു വിജ്ഞാന പാലം സ്ഥാപിക്കുന്നതിൽ സഹകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.