കേരളത്തിലാദ്യമായി ബി.എസ്.സി. ന്യൂക്ലിയാർ മെഡിസിൻ കോഴ്സ്

Nov 1, 2023 at 7:30 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്ത് ആദ്യമായി ബി.എസ്.സി. ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജി കോഴ്സ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിക്കുന്നതിന് അനുമതി നൽകിയതായി മന്ത്രി വീണാ ജോർജ്.
6 സീറ്റുകളുള്ള കോഴ്സിനാണ് അനുമതി നൽകിയത്. ഇന്ത്യയിൽ തന്നെ വളരെ കുറച്ച് മെഡിക്കൽ കോളേജുകളിൽ മാത്രമാണ് ഈ കോഴ്സുള്ളത്. പുതിയ കോഴ്സ് ആരംഭിക്കുന്നതോടെ നൂതനമായ ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജിയിൽ കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കാൻ സാധിക്കും. നടപടിക്രമങ്ങൾ പാലിച്ച് അടുത്ത അധ്യയന വർഷം തന്നെ കോഴ്സ് ആരംഭിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

M

റേഡിയോ ആക്ടീവ് മൂലകങ്ങളും അവയുടെ വികിരണങ്ങളും ഉപയോഗിച്ച് രോഗനിർണയവും ചികിത്സയും നടത്തുന്ന അത്യാധുനിക ശാസ്ത്ര ശാഖയാണ് ന്യൂക്ലിയർ മെഡിസിൻ. റേഡിയോ ഐസോടോപ്പ് ഉപയോഗിച്ചുള്ള സ്‌കാനിംഗും ചികിത്സയും നടത്തുന്നു. സ്പെക്റ്റ് സിടി, പെറ്റ് സിടി എന്നിവ ഉപയോഗിച്ചാണ് സ്‌കാനിംഗും രോഗനിർണയവും നടത്തുന്നത്. ഇതിലൂടെ രോഗങ്ങളെ കണ്ടെത്താനും രോഗത്തിന്റെ സ്ഥാനവും വ്യാപനവും നിർണയിക്കാനും സഹായിക്കുന്നു. ഹൈപ്പർ തൈറോയ്ഡിസം, തൈറോയിഡ് കാൻസർ, ന്യൂറോ എൻഡോക്രൈൻ ട്യൂമർ, മറ്റ് കാൻസറുകൾ എന്നിവയുടെ ചികിത്സയ്ക്ക് ന്യൂക്ലിയാർ മെഡിസിൻ ഉപയോഗിക്കുന്നു. സംസ്ഥാനത്ത് തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ന്യൂക്ലിയാർ മെഡിസിൻ വിഭാഗം പ്രവർത്തിച്ചു വരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്പെക്റ്റ് സ്‌കാൻ, പെറ്റ് സ്‌കാൻ എന്നിവ സജ്ജമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്പെക്റ്റ് സ്‌കാൻ ഉടൻ പ്രവർത്തനസജ്ജമാകും. പെറ്റ് സ്‌കാൻ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.

Follow us on

Related News