മലപ്പുറം: പഠനയാത്രകള്‍ക്കും വിനോദ യാത്രകൾക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറങ്ങിയ മാർഗനിർദേശങ്ങൾ പല സ്കൂളുകളും അവഗണിക്കുന്നു. രാത്രി 10നും പുലർച്ചെ 5നും ഇടയിൽ ഇത്തരം യാത്രകൾ സ്കൂളുകളിൽ നിന്ന് ഉണ്ടാകരുതെന്ന നിർദേശം പരസ്യമായി അവഗണിച്ചാണ് പല സ്കൂളുകളും യാത്രകൾ സംഘടിപ്പിക്കുന്നത്. നിർദേശം മറികടന്ന് രാത്രിയിൽ യാത്ര പുറപ്പെട്ട, തൊടുപുഴ വിമല പബ്ലിക്ക് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ് മഞ്ചേരിയിൽ അപകടത്തിൽപ്പെട്ടതാണ് ഒടുവിലത്തെ സംഭവം.
ബസ് മഞ്ചേരിക്ക് സമീപം ചെങ്ങരയിൽ വൈദ്യുതി കാലിൽ ഇടിച്ച് മറഞ്ഞിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. അപകടത്തിൽ ബസിലുണ്ടായിരുന്ന 13 വിദ്യാർഥികൾക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ 3.30 നാണ് തൊടുപുഴ വിമല പബ്ലിക്ക് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച 3 ടൂറിസ്റ്റ് ബസുകളിൽ ഒന്ന് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയ്ക്കാണ് സംഘം മൈസൂരുവിലേക്ക് തൊടുപുഴയിൽ നിന്ന് യാത്ര പുറപ്പെട്ടത്. അപകടത്തിൽ പരുക്കേറ്റ ആയിഷ (13), നേഹ (14), ഐറിൻ (14), റീമ (14), അനോൾ (14), ഹന (13), ആൻഡ്രിയ (14), അൽഫോൻസ (14), അനോൾ (14), ആൻമരിയ (14), സീറ (14), പാർവതി (14), മീനു (14), എലിസ (55) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് അപകടത്തിൽപെട്ടതിനെ തുടർന്ന് സംഘം യാത്ര റദ്ദാക്കി സ്വദേശത്തേക്ക് തിരിച്ചു.
രാത്രികാല പഠന-വിനോദ യാത്രകൾ ഒഴിവാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലെ നിർദേശങ്ങൾ താഴെ.
.
🔵പഠന യാത്രകള്‍ സ്‌കൂള്‍ മേലധികാരിയുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ ഒരു അധ്യാപക കണ്‍വീനറുടെ ചുമതലയിലായിരിക്കണം സംഘടിപ്പിക്കേണ്ടത്. സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു വിദ്യാര്‍ത്ഥി കണ്‍വീനറും, രണ്ട് അധ്യാപക പ്രതിനിധികളും ഒരു പി.ടി.എ പ്രതിനിധിയും ഉള്‍പ്പെട്ട ഒരു ടൂര്‍ കമ്മിറ്റി രൂപികരിക്കണം.
🔵പഠനയാത്രയ്ക്കായി തെരഞ്ഞെടുക്കുന്ന സ്ഥലം, യാത്രാപരിപാടികള്‍, താമസം, ചെലവ് സംബന്ധിച്ച് വിശദമായ രൂപരേഖ ടൂര്‍ കമ്മിറ്റി തയ്യാറാക്കേണ്ടതും, സ്‌കൂള്‍ പി.ടി.എ എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതുമാണ്. യാത്രാസംഘം ഓരോ ദിവസവും സന്ദര്‍ശിക്കുന്ന സ്ഥലം, താമസസ്ഥലത്തു നിന്നും പുറപ്പെടുന്നതും തിരിച്ചെത്തുന്നതുമായ സമയം എന്നിവ യാത്രാ സമയത്ത് സംഘാടകര്‍ സൂക്ഷിക്കേണ്ടതും പകര്‍പ്പ് സ്‌കൂളുകളിലും ബന്ധപ്പെട്ട ഉപജില്ലാ / വിദ്യാഭ്യാസ ജില്ല ഡി.ഡി.ഇ ആര്‍.ഡി.ഡി./എ.ഡി എന്നിവര്‍ക്ക് സമര്‍പ്പിക്കണം. ടൂര്‍ കഴിഞ്ഞ ഉടനെ കുട്ടികളുടെ അഭിപ്രായങ്ങളോടു കൂടിയ റിപ്പോര്‍ട്ട് ടൂര്‍ കണ്‍വീനര്‍ സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം.
🔵യാത്രയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ യോഗം ചേര്‍ന്ന് യാത്രാ വിവരങ്ങളും തയ്യാറെടുപ്പും വിശദീകരിക്കണം.
സ്‌കൂള്‍ പഠനയാത്രയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ മേധാവികളിലും, ടൂര്‍ കണ്‍വീനര്‍മാരിലും നിക്ഷിപ്തമായിരിക്കും.
ഒരു അക്കാദമിക വര്‍ഷം ഇടവിട്ടോ തുടര്‍ച്ചയായോ പരമാവധി മൂന്ന് ദിവസങ്ങള്‍ മാത്രമേ പഠന യാത്രയ്ക്കായി ഉപയോഗിക്കാന്‍ പാടുള്ളൂ. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളാണ് യാത്രയ്ക്ക് തെരഞ്ഞെടുക്കുന്നത് എങ്കില്‍ അതില്‍ സ്‌കൂള്‍ പ്രവര്‍ത്തി ദിനമല്ലാത്ത ദിവസം കൂടി ചേര്‍ത്ത് ക്രമീകരിക്കേണ്ടതാണ്.
🔵യാത്രകളില്‍ പാലിക്കേണ്ട പൊതു നിയമങ്ങള്‍ സ്‌കൂള്‍ മേലധികാരി പി.ടി.എയുടെ അനുമതിയോടെ സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. പഠനയാത്രയ്ക്കായി അകലെയുളള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നത് മൂലം സാത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഇതില്‍ പങ്കാളികളാകാന്‍ പലപ്പോഴും സാധിക്കാറില്ല. ആയതിനാല്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും പങ്കെടുക്കുവാന്‍ കഴിയുന്ന തരത്തിലുള്ള സ്ഥലങ്ങളാണ് കഴിയുന്നതും യാത്രയ്ക്കായി തെരഞ്ഞെടുക്കേണ്ടത്. കൂടാതെ പഠനയാത്രയ്ക്കായി വിദ്യാര്‍ത്ഥികളില്‍ നിന്നും
അമിത തുക ഈടാക്കുവാനും പാടുളളതല്ല.
വിദ്യാഭ്യാസ പ്രാധാന്യമുള്ള സ്ഥലങ്ങളും, സ്ഥാപനങ്ങളുമാകണം പഠന യാത്രയ്ക്ക് തെരഞ്ഞെടുക്കേണ്ടത്.
🔵പഠനയാത്രാ സംഘം സന്ദര്‍ശിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ സവിശേഷതകള്‍, സുരക്ഷാ സംവിധാനം എന്നിവയെക്കുറിച്ച് മുന്‍കൂട്ടി മനസ്സിലാക്കിയിരിക്കേണ്ടതാണ്. ഇതിനായി ആ പ്രദേശത്തെ ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ആവശ്യമെങ്കില്‍ മുന്‍കൂര്‍ അനുമതി രേഖാമൂലം വാങ്ങേണ്ടതാണ്.
🔵ജലയാത്രകള്‍, വനയാത്രകള്‍, വന്യമൃഗ സങ്കേതങ്ങള്‍ എന്നിവിടങ്ങളിലേക്ക് സന്ദര്‍ശനം നടത്തുമ്പോള്‍ ബന്ധപ്പെട്ട അധികാരികളെ മുന്‍കൂട്ടി അറിയിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കി അവരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അംഗീകൃത ഗൈഡുകളുടെ സേവനം ഉപയോഗപ്പെടുത്താവുതാണ്.
🔵പഠനയാത്രയ്ക്ക് രക്ഷകര്‍ത്താക്കളുടെ അറിവും സമ്മതവും ആവശ്യമാണ്. യാത്രയില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളുടെയും രക്ഷാകര്‍ത്താക്കളില്‍ നിന്നും സമ്മതപത്രം യാത്രയ്ക്ക് മുന്‍പായി തന്നെ വാങ്ങി സൂക്ഷിക്കണം.
🔵രക്ഷിതാക്കളുടെ പ്രതിനിധികളെ യാത്രയില്‍ ഉള്‍പ്പെടുത്തുന്നത് അഭികാമ്യമായിരിക്കും.
ഗതാഗത വകുപ്പ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ മാത്രമേ യാത്രയ്ക്ക് ഉപയോഗിക്കാന്‍ പാടുള്ളൂ. ട്രാഫിക് നിയമങ്ങള്‍ പാലിച്ചായിരിക്കണം യാത്ര നടത്തേണ്ടത്. അനധികൃതമായി രൂപമാറ്റം വരുത്തിയതും, ആഡംബര ലൈറ്റുകള്‍ ഘടിപ്പിച്ചതും, അരോചകവും, ഉച്ചത്തിലുള്ളതുമായ ശബ്ദം പുറപ്പെടുവിക്കുന്ന ശബ്ദസംവിധാനങ്ങള്‍ ഉളളതുമായ കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ പഠനയാത്രയ്ക്കായി ഉപയോഗിക്കാന്‍ പാടില്ല.ബസ്സ്, ബോട്ട്, മറ്റ് വാഹനങ്ങള്‍ എന്നിവയില്‍ നിയമപ്രകാരം അനുവദനീയമായ എണ്ണം ആളുകള്‍ മാത്രമേ മാത്രമേ കയറുവാന്‍ പാടുള്ളൂ. പഠനയാത്ര ആരംഭിക്കുന്നതിനു മുന്‍പ് ബന്ധപ്പെട്ട റിജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍/ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാരെ വിവരം അറിയിക്കുന്നത് ഉചിതമായിരിക്കും.
🔵പഠനയാത്ര പുറപ്പെടുന്നതിനു മുന്‍പ് സ്‌കൂള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ പോലീസ് സ്റ്റേഷനില്‍ യാത്ര സംബന്ധിച്ചും, വാഹനത്തെ സംബന്ധിക്കുന്നതുമായ സമഗ്ര റിപ്പോര്‍ട്ട് നല്‍കണം. യാത്ര പുറപ്പെടുന്നതിന് മുന്‍പ് വാഹനങ്ങളുടെ ഫിറ്റ്‌നസ്സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ രേഖകള്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
പഠനയാത്രയ്ക്ക് പുറപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് മുന്‍കൂട്ടി ഉറപ്പാക്കേണ്ടതാണ്.
🔵പഠനയാത്രയില്‍ ഫസ്റ്റ് എയ്ഡ്, അത്യാവശ്യ മരുന്നുകള്‍ എന്നിവ കരുതിയിരിക്കണം.
പഠനയാത്രാ സംഘത്തിലെ അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:15 ആയിരിക്കണം. 15 വിദ്യാര്‍ത്ഥിനികള്‍ക്ക് ഒരു അദ്ധ്യാപിക എന്ന പ്രകാരം യാത്രയില്‍ ഉണ്ടാകേണ്ടതാണ്.
പ്രഥമാധ്യാപകനോ, സീനിയറായ അദ്ധ്യാപകനോ യാത്രാസംഘത്തെ അനുഗമിക്കേണ്ടതാണ്.
രാത്രി 10 മണിക്ക് ശേഷവും രാവിലെ 5 മണിക്ക് മുന്‍പുള്ളതുമായ യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്.
പഠനയാത്രകളില്‍ സര്‍ക്കാരിന്റെ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരെ മാത്രം നിയോഗിക്കണം. കേരള ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയിട്ടുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍
https://www.keralatourism.org/tour-operators/ om alles aagavond എന്ന ലിങ്കില്‍ ലഭ്യമാണ്.
പഠനയാത്രയ്ക്കിടയില്‍ സുരക്ഷിതവും നിലവാരമുള്ളതുമായ താമസസൗകര്യം ക്രമീകരിക്കുന്നതിനും, ശുചിത്വവും, ആരോഗ്യപരവുമായ ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
യാത്രാവേളയില്‍ അദ്ധ്യാപകര്‍, കുട്ടികള്‍, യാത്രയെ അനുഗമിക്കുന്നവര്‍ പുകവലിക്കുന്നതും മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതും ഗുരുതരമായ കൃത്യവിലോപമായതിനാല്‍ ഇപ്രകാരമുളള വിവരം ലഭ്യമായാല്‍ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതാണ്.
24, കുട്ടികളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തില്‍ ചിത്രങ്ങളോ, വിഡിയോയോ പകര്‍ത്തുന്നതിനോ, പങ്ക് വയ്ക്കുന്നതിനോ അനുവാദം ഉണ്ടായിരിക്കുന്നതല്ല.
യാത്രാവസാനം വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താക്കളുടെ സമീപം സുരക്ഷിതരായി എത്തിച്ചേര്‍ന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്. കൂടാതെ ഇതു സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഉപജില്ലാ ജില്ലാ ഡി.ഡി.ര്‍.ഡി.ഡി/എ.ഡി എന്നിവര്‍ക്കും നല്‍കേണ്ടതുമാണ്.
26, യാത്ര പൂര്‍ത്തിയായതിന് ശേഷം ഒരാഴ്ചക്കുള്ളില്‍ യാത്ര സംബന്ധിച്ച വരവ് ചെലവ് വിവരം കൂടി റിപ്പോര്‍ട്ടിനൊപ്പം സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം.
യാത്ര പൂര്‍ത്തിയായതിന് ശേഷം ഡ്രൈവറുടെ പെരുമാറ്റം സംബന്ധിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ ബന്ധപ്പെട്ട റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറെ അറിയിക്കേണ്ടതാണ്.