കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സ്‌പെഷ്യൽ ടീച്ചർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മുസ്ലിം(എൻ.സി.എ), എൽസി/എ.ഐ (എൻ.സി.എ) വിഭാഗങ്ങളിൽ ഓരോ ഒഴിവുകളിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. വർഷാന്ത്യ വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ പരമാവധി മൂന്നു വർഷത്തേക്ക് ദീർഘിപ്പിച്ചു നൽകും.
സ്‌പെഷ്യൽ എജ്യുക്കേഷൻ(ഇൻറലക്ച്വൽ ഡിസെബിലിറ്റി) വിഷയത്തിൽ ബി.എഡ്, മാനസികവും ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ രണ്ടു വർഷത്തിൽ കുറയാതെ ക്ലാസുകൾ നടത്തിയ പരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത.
പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 25000 രൂപ. പ്രായം 2023 ജനുവരി ഒന്നിന് 50 വയസ് കവിയരുത്(പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവുകൾ അനുവദിക്കും). വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോം പൂരിപ്പിച്ച് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, അധിക യോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ada5@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ഒക്ടോബർ 31 വൈകുന്നേരം അഞ്ചു മണി വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.