ന്യൂഡൽഹി : കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം പിന്നാക്ക വിഭാഗം വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ യങ് അച്ചീവേഴ്സ് സ്കോളർഷിപ്പിന്റെ പ്രവേശന പരീക്ഷ റദ്ദാക്കി . 29ന് നടത്താൻ ഉദ്ദേശിച്ചിരുന്ന പരീക്ഷയാണ് റദാക്കിയത്. പകരമായി 8 , 10 ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ യോഗ്യത നേടിയവർക്ക് സ്കോളർഷിപ്പ് നൽകുമെന്നാണ് സൂചന. ഒ.ബി.സി ,ഇ.ബി.സി ,ഡി എൻ.ടി തുടങ്ങിയ വിഭാഗങ്ങളിലുള്ള ഒമ്പതിലും പ്ലസ് വണ്ണിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പ്രധാനമന്ത്രി യങ് അച്ചീവേഴ്സ് സ്കോളർഷിപ്പ് നൽകി വന്നത്. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള രക്ഷിതാക്കളുടെ മക്കൾക്കാണ് സ്കോളർഷിപ്പ്. വെള്ളിയാഴ്ച പരീക്ഷയ്ക്കായി തയ്യാറെടുപ്പ് നടത്തിയ നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഇപ്പോൾ വീട്ടിലായത്.
മുൻ വർഷങ്ങളിലെല്ലാം പ്രത്യേകം പരീക്ഷ നടത്തിയാണ് സ്കോളർഷിപ്പ് ജേതാക്കളെ തിരഞ്ഞെടുത്തിരുന്നത്. ഈ വർഷവും പരീക്ഷക്ക് അപേക്ഷ ക്ഷണിക്കുകയും പരീക്ഷണ തീയതി സെപ്റ്റംബർ 29 എന്ന് പ്രഖ്യാപിക്കുകയും, വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി തയ്യാറെടുപ്പും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് പരീക്ഷ റദ്ദാക്കി എന്നു പറഞ്ഞ് കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടികൾക്ക് പരീക്ഷ മൂലം അമിതഭാരം ഉണ്ടാകുമെന്നാണ് പരീക്ഷ പിൻവലിക്കുന്നതിനുള്ള കാരണമായി കേന്ദ്രസർക്കാർ ചൂണ്ടിക്കാണിക്കുന്നത്. എൻട്രൻസ് പരീക്ഷയ്ക്ക് പകരം ക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കി സ്കോളർഷിപ്പ് നിശ്ചയിക്കുമെന്നാണ് സൂചന. 60% ത്തിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് ദേശീയ സ്കോളർഷിപ്പ് പോർട്ടലിലൂടെ അപേക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.