തിരുവനന്തപുരം: നിപ വ്യാപനത്തെ തുടർന്ന് ഡിഎൽഎഡ് പരീക്ഷ പുന:ക്രമീകരിച്ചു.ഒക്‌ടോബർ 9മുതൽ 21 വരെയാണ് ഡിഎൽഎഡ് പരീക്ഷ നടത്തുക.
ഇതിൽ 14 കേന്ദ്രങ്ങളിലായി അറുന്നൂറ്റി തൊണ്ണൂറ്റിയെട്ട് പേർ കോഴിക്കോട് പരീക്ഷ എഴുതും.
നിപയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലുണ്ടായ അടിയന്തര സാഹചര്യത്തെ അഭിമുഖീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ വിധത്തിലും സജ്ജമാണ്.
സാഹചര്യങ്ങൾക്ക് അനുസരിച്ച് അടിയന്തിര യോഗങ്ങൾ ചേർന്ന് തീരുമാനങ്ങൾ കൈക്കൊണ്ട് നടപ്പാക്കുന്നുണ്ട്. നൂറ് ശതമാനം വിദ്യാലയങ്ങളിലും ഇന്ന് മുതൽ ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ജി – സ്യൂട്ട് സംവിധാനം ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കാനായി എല്ലാ അധ്യാപകർക്കും പരിശീലനം നൽകിയിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്ന വിദ്യാലയങ്ങൾ സ്വന്തമായി അനുയോജ്യമായ പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തി എല്ലാ കുട്ടികൾക്കും പഠനസൗകര്യം ഒരുക്കാൻ വേണ്ട നടപടികൾ പ്രഥമ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തും.
ജില്ലയിലെ മുഴുവൻ ഹയർസെക്കണ്ടറി പ്രിൻസിപ്പൽമാരുടെയും പ്രത്യേക ഓൺലൈൻ യോഗങ്ങൾ വിളിച്ചു ചേർത്തു നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഭിന്നശേഷി വിദ്യാർഥികൾക്കായി സ്‌പെഷ്യൽ എജ്യൂക്കേറ്റർമാരുടെ നേതൃത്വത്തിൽ പ്രത്യേക ഓൺലൈൻ ക്ലാസുകളും വീഡിയോകളും തയ്യാറാക്കി ലഭ്യമാക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ മുഴുവൻ വിദ്യാലയങ്ങളിലും ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കുന്നത് സംബന്ധിച്ചഡാറ്റകൾ ശേഖരിക്കുകയും എല്ലാദിവസവും ജില്ലാ വിദ്യാഭ്യാസ ഓഫീസർ അവലോകനം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അഡീഷണൽ ഡയറക്ടർ ഷൈൻ മോൻ കോഴിക്കോട് ക്യാമ്പ് ചെയ്ത് സാഹചര്യം വിലയിരുത്തും.