തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായി അപേക്ഷിച്ച എല്ലാപേർക്കും പ്രവേശനം ഉറപ്പാക്കുന്നതിനായി മലബാർ മേഖലയിൽ 97 അധിക ബാച്ചുകൾ അനുവദിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ആകെ 97 ബാച്ചുകൾ താൽക്കാലികമായി അനുവദിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ ഈ വർഷം നേരത്തെ അനുവദിച്ച പതിനാല് ബാച്ചുകൾ കൂടി കൂട്ടുമ്പോൾ മൊത്തം അനുവദിച്ച താൽക്കാലിക ബാച്ചുകളുടെ എണ്ണം 111 ആകുമെന്നും മന്ത്രി ചൂടിക്കാട്ടി.
അധികമായി അനുവദിച്ച ബാച്ചുകളുടെ ജില്ല തിരിച്ച കണക്ക് ഇങ്ങനെ. പാലക്കാട് നാല് (4), കോഴിക്കോട് പതിനൊന്നു (11), മലപ്പുറം അൻപത്തി മൂന്ന് (53), വയനാട് നാല് (4), കണ്ണൂർ പത്ത് (10), കാസർഗോഡ് പതിനഞ്ച് (15) എന്നിങ്ങനെയാണ് ബാച്ചുകൾ അനുവദിച്ചിട്ടുള്ളത്. ഇതിൽ സയൻസ് കോമ്പിനേഷനിൽ പതിനേഴ് (17), ഹ്യുമാനിറ്റീസ് കോമ്പിനേഷനിൽ അൻപത്തി രണ്ടും (52),
കോമേഴ്‌സ് കോമ്പിനേഷനിൽ ഇരുപത്തി എട്ടും (28) ആണ്.
പാലക്കാട് ജില്ലയിൽ 2 വീതം ഹ്യുമാനിറ്റീസ്, കോമേഴ്‌സ് കോമ്പിനേഷനുകൾ, കോഴിക്കോട് രണ്ട് (2) സയൻസ്, അഞ്ച് (5) ഹ്യുമാനിറ്റീസ്, നാല് (4) കോമേഴ്‌സ് ബാച്ചുകൾ. മലപ്പുറം ജില്ലയിൽ നാല് (4) സയൻസ്, മുപ്പത്തി രണ്ട് (32) ഹ്യുമാനിറ്റീസ്, പതിനേഴ് (17) കോമേഴ്‌സ് ബാച്ചുകൾ. വയനാട് നാല് (4) ഹ്യുമാനിറ്റീസ് ബാച്ചുകൾ കണ്ണൂർ നാല് (4) സയൻസ്, മൂന്ന് (3) ഹ്യുമാനിറ്റീസ്, മൂന്ന് (3) കോമേഴ്‌സ് ബാച്ചുകൾ.
കാസർഗോഡ് ഏഴ് (7) സയൻസ്, ആറ് (6) ഹ്യുമാനിറ്റീസ് , രണ്ട് (2) കോമേഴ്‌സ് ബാച്ചുകൾ. തൊണ്ണൂറ്റി ഏഴ് (97) ബാച്ചുകളിൽ അൻപത്തി ഏഴ് (57) എണ്ണം സർക്കാർ സ്‌കൂളുകളിലും നാൽപ്പത് (40) എണ്ണം എയിഡഡ് സ്‌കൂളിലുമാണ് അനുവദിച്ചിട്ടുള്ളത്. സർക്കാർ സ്‌കൂളുകളിൽ പന്ത്രണ്ട് (12) സയൻസ്, ഹ്യുമാനിറ്റീസ് മുപ്പത്തിയഞ്ച് (35), പത്ത് (10) കോമേഴ്‌സ് ബാച്ചുകളും, എയിഡഡ് സ്‌കൂളുകളിൽ സയൻസ് അഞ്ച് (5), ഹ്യുമാനിറ്റീസ് പതിനേഴ് (17), കോമേഴ്‌സ് പതിനെട്ട് (18) എന്നിങ്ങനെയാണ്. ഇത്തരത്തിലൂടെ അധികമായി അയ്യായിരത്തി എണ്ണൂറ്റി ഇരുപത് (5,820) സീറ്റുകൾ കൂടി മലബാർ മേഖലയിൽ ലഭ്യമാകുന്നതാണ്.
ഇതുവരെയുള്ള മാർജിനൽ സീറ്റ് വർദ്ധനവ് അധിക താൽക്കാലിക ബാച്ചുകൾ എന്നിവയിലൂടെ സർക്കാർ സ്‌കൂളുകളിൽ മുപ്പത്തി ഏഴായിരത്തി അറുന്നൂറ്റി അമ്പത്തിയഞ്ച് (37,655) സീറ്റുകളുടെയും എയിഡഡ് സ്‌കൂളുകളിൽ ഇരുപത്തിയെട്ടായിരത്തി എഴുന്നൂറ്റി അമ്പത്തിയഞ്ച് (28,755) സീറ്റുകളുടെയും വർദ്ധനവാണ് ഉണ്ടാകുന്നത്. ആകെ വർദ്ധനവ് അറുപത്തി ആറായിരത്തി നാന്നൂറ്റി പത്ത് (66,410) സീറ്റുകളാണ്.