കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബി.എഡ് കോഴ്സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിൽ പട്ടിക ജാതി, പട്ടികവർഗ വിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകളിലേക്കുള്ള ഒന്നാം പ്രത്യേക അലോട്മെൻറിന് നാളെ(ജൂലൈ 21) വൈകുന്നേരം നാലു വരെ ഓൺലൈൻ രജിസ്ട്രേഷൻ/ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. പ്രത്യേക അലോട്ട്മെൻറിൽ ഇതു വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താത്തവർക്കും പ്രവേശനം ലഭിക്കാത്തവർക്കും പ്രവേശനം ലഭിച്ചതിനു ശേഷം നിരസിക്കപ്പെട്ടവർക്കും നിശ്ചിത സമയത്ത് പ്രവേശനം നേടാൻ സാധിക്കാത്തവർക്കുമാണ് അവസരം.
ഓൺലൈൻ അപേക്ഷയിൽ അപേക്ഷകൻ വരുത്തിയ പിശകു മൂലം അലോട്ട്മെൻറിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെൻറിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് അടയ്കാതെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്വേഡും ഉപയോഗിച്ച് ക്യാപ്പ് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതിയതായി നൽകാം. പ്രത്യേക അലോട്ട്മെൻറിൽ പങ്കെടുക്കുന്നവർ നിർബന്ധമായും പുതിയ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. നേരത്തേ നൽകിയ അപേക്ഷയിൽ പിശകുകളുണ്ടെങ്കിൽ തിരുത്തുകയും പുതിയ ഓപ്ഷനുകൾ നൽകുകയും ചെയ്യാം.
സ്ഥിര പ്രവേശനം എടുത്തവർ പ്രത്യേക അലോട്ട്മെൻറിൽ അപേക്ഷിക്കുകയും അലോട്ട്മെൻറ് ലഭിക്കുകയും ചെയ്താൽ പുതിയതായി ലഭിക്കുന്ന അലോട്ട്മെൻറിൽ പ്രവേശനം നേടണം. ഇവരുടെ മുൻ പ്രവേശനം റദ്ദാക്കപ്പെടും. ഒരു തവണ ക്യാപ്പിലൂടെ അപേക്ഷാ ഫീസ് അടച്ചവർക്ക് വീണ്ടും ഫീസ് അടയ്ക്കാതെ പ്രത്യേക അലോട്ട്മെൻറിൽ പങ്കെടുക്കാം. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവർക്കു മാത്രമായുള്ള പ്രത്യേക അലോട്ട്മെൻറിൽ മറ്റു വിഭാഗങ്ങളിൽപെട്ടവർക്ക് അപേക്ഷിക്കാൻ കഴിയില്ല.