SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല ആതിഥേയത്വം വഹിക്കുന്ന 2022-23 വര്‍ഷത്തെ ദക്ഷിണ മേഖല അന്തര്‍സര്‍വകലാശാല ഫുട്‌ബോള്‍ പുരുഷവിഭാഗം ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 23ന് തുടക്കമാകും. കേരളം, പോണ്ടിച്ചേരി, തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 116 ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
കാലിക്കറ്റ് സര്‍വ്വകലാശാലയിലെ രണ്ട് സ്റ്റേഡിയങ്ങളിലും, കോഴിക്കോട് ദേവഗിരി കോളേജ് മൈതാനിയിലും, ജെ.ഡി.റ്റി. ഇസ്ലാം ആര്‍ട്‌സ് & സയന്‍സ് കോളേജ് മൈതാനിയിലുമായി നാല് വേദികളിലാണ് പ്രാഥമിക മത്സരങ്ങള്‍ നടക്കുന്നത്.
കഴിഞ്ഞവര്‍ഷത്തെ സെമി ഫൈനലിസ്റ്റുകളായ കാലിക്കറ്റ്, എം.ജി., കേരള, എസ്.ആര്‍.എം.ചെന്നൈ എന്നീ 4 ടീമുകള്‍ നേരിട്ട് ക്വാര്‍ട്ടറില്‍ ഇറങ്ങും. പ്രാഥമിക മത്സരങ്ങളില്‍നിന്നും 4 ടീമുകള്‍ ക്വാര്‍ട്ടറില്‍ കടക്കും. ക്വാര്‍ട്ടര്‍ ഫൈനലില്‍നിന്നും യോഗ്യതനേടുന്ന 4 ടീമുകള്‍ തുടര്‍ന്ന് സെമി ഫൈനല്‍ ലീഗ് മത്സരങ്ങളില്‍ മത്സരിക്കും.
ഇതാദ്യമായി സെമി ലീഗില്‍ ഒരുദിവസം ഒരു ടീമിന് ഒരുമത്സരം മാത്രമേ ഉണ്ടാവൂ. മുന്‍കാലങ്ങളില്‍ ഒരേദിവസം രണ്ട് മത്സരങ്ങള്‍ ഉണ്ടായിരുന്നത് ഒഴിവാക്കാനാണ് തീരുമാനം. ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിന്നുവേണ്ടി വിപുലമായ സംഘാടകസമിതി പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ടീമുകളെ സ്വീകരിക്കുന്നതിനായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കൗണ്ടര്‍ ക്രമീകരിച്ചിട്ടുണ്ട്. ടീമുകളെ മൂന്ന് വേദികളില്‍ എത്തിക്കുന്നതിനായി ഗതാഗതസൗകര്യവും ഒരുക്കിയിട്ടുണ്ട്. താമസം, ഭക്ഷണം എന്നിവക്കായി വേണ്ട ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ചാമ്പ്യന്‍ഷിപ്പിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ 23-ന് വൈകീട്ട് 5 മണിക്ക് ബഹു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വ്വഹിക്കും. പ്രമുഖ ഫുട്‌ബോള്‍ താരങ്ങളും സിണ്ടിക്കേറ്റ് അംഗങ്ങളും സംബന്ധിക്കും. മറ്റ് രണ്ടുവേദികളിലും ഉദ്ഘാടനങ്ങള്‍ പ്രത്യേകം നടക്കുന്നതാണ്.
പത്രസമ്മേളനത്തില്‍ സിണ്ടിക്കേറ്റ് മെമ്പര്‍ അഡ്വ. ടോം കെ. തോമസ്, കായിക വകുപ്പു മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, കായിക വകുപ്പ് ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, ജെ.ഡി.ടി. ഇസ്ലാം സെക്രട്ടറി ഡോ. പി.സി. അന്‍വര്‍, കോഴിക്കോട് ദേവഗിരി കോളേജ് കായിക വിഭാഗം മേധാവി ഫാ. ബോണി അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.