SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ തസ്തിക നിർണയം 2 ആഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്കൂളുകളിൽ തസ്തിക നിർണയം മുടങ്ങിട്ടിട്ട് 3വർഷമായി.
കോവിഡ് വ്യാപന ശേഷം കഴിഞ്ഞ 3 വർഷമായി സ്കൂളുകളിലെ തസ്തിക നിർണയം നടന്നിട്ടില്ല. ഈ വർഷം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പല തീയതിയും കടന്നുപോയി. ഏറ്റവും ഒടുവിലത്തെ തീയതി പ്രകാരം ഇന്നാണ് തസ്തിക നിർണയം പൂർത്തിയാക്കേണ്ടത്. എന്നാൽ നടപടികൾ എങ്ങുമെത്തിയില്ല. തസ്തിക നിർണയം പൂർത്തിയാകാത്തതിനാൽ പി. എസ്. സിയുടെ അധ്യാപക റാങ്ക് ലിസ്റ്റിൽ ജോലി കാത്തിരിക്കുന്നവർക്ക് അവസരം നഷ്ടമാകുകയാണ്. അധ്യാപകരുടെ കുറവ് സ്കൂളുകളുടെ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്. പി.എസ്.സിയുടെ പല
അധ്യാപക റാങ്ക് പട്ടികയുടെയും കാലാവധി ഉടൻ അവസാനിക്കും. തസ്തിക നിർണയം പൂർത്തിയാക്കി ഉടൻ ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ പി.എസ്.സിയുടെ പട്ടികകളിൽ ഉൾപ്പെട്ടവരുടെ അവസരം നഷ്ടമാകും. മന്ത്രി അറിയിച്ചതനുസരിച്ച് നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ.