SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം:പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന പരാമർശങ്ങൾ നടത്തുന്ന വ്യക്തികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി വി.ശിവൻകുട്ടി. സാംസ്കാര ശൂന്യവും വസ്തുതാവിരുദ്ധവും സമനില തെറ്റിയതുമായ ഒരു പരാമർശം ഒരു ലീഗ് നേതാവിൽ നിന്ന് ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടു. ലീഗ് നേതാവിന്റെ പരാമർശങ്ങളോടുള്ള നിലപാട് മുസ്ലിം ലീഗ് വ്യക്തമാക്കണം. പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള ജനകീയ ചർച്ചയ്ക്ക് തയ്യാറാക്കിയ കുറിപ്പിനെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് ലീഗ് നേതാവ് ചെയ്യുന്നത്.
ലീഗ് നേതാവിന്റെ പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച പരാമർശങ്ങൾ ചർച്ചയ്ക്കുള്ള കുറിപ്പിൽ ഉണ്ടെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുകയാണ്. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ആടിനെ പട്ടിയാക്കി പിന്നീട് പേപ്പട്ടി ആക്കി തല്ലിക്കൊല്ലുന്ന പ്രയോഗത്തിനാണ് ലീഗ് നേതാവ് ശ്രമിക്കുന്നത്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ല. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും നിയമസഭയിൽ പൊതുവിദ്യാഭ്യാസ മന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയതോടെ ശരി എന്തെന്ന് ബോധ്യപ്പെട്ടു. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സർക്കാർ ഒരുതരത്തിലുള്ള പിന്നോട്ടുപോക്കും നടത്തിയിട്ടില്ല. മറിച്ച് സുതാര്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ചെയ്യുന്നത്.
മിക്സഡ് സ്കൂൾ സംബന്ധിച്ചും യൂണിഫോം സംബന്ധിച്ചും നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. സ്കൂളും അധ്യാപക – രക്ഷകർതൃ സമിതിയും തദ്ദേശഭരണ സ്ഥാപനങ്ങളും ചേർന്ന് എടുക്കുന്ന തീരുമാനം പൊതു വിദ്യാഭ്യാസ വകുപ്പ് തലത്തിൽ പരിശോധിച്ചാണ് അനുമതി നൽകുന്നത്. അതിനിയും തുടരുക തന്നെ ചെയ്യും.
പാഠ്യപദ്ധതി പരിഷ്കരണ കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട. സുതാര്യമായി തന്നെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.