SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നവീകരിച്ച ബിസിനസ് ടെർമിനലിന്റെ ചുമരിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഒരുക്കുന്ന ചുമർ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ചുമർചിത്രകലാ പൈതൃക സംരക്ഷണ കേന്ദ്രത്തിന്റെ (SSUS Centre for Preservation and Promotion of Mural Arts and Cultural Heritage – SSUS C-MACH) ആഭിമുഖ്യത്തിൽ ബിസിനസ് ടെർമിനലിന്റെ പ്രവേശന കവാടത്തിന് ഇരുവശങ്ങളിലുമായാണ് ചുമർചിത്രം ഒരുങ്ങുന്നത്. സർവകലാശാല മ്യൂറൽ പെയിന്റിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ചുമർചിത്രകലാ പൈതൃക സംരക്ഷണ കേന്ദ്രം ഡയറക്ടറുമായ ഡോ. ടി. എസ്. സാജുവിന്റെ നേതൃത്വത്തിൽ സർവകലാശാലയിലെ പെയിന്റിംഗ് വിഭാഗത്തിലെ വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും ചേർന്ന് ചുമർചിത്രത്തിന്റെ തൊണ്ണൂറ് ശതമാനത്തോളം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.
“അറുപത് അടി നീളവും ആറ് അടി വീതിയുമുളള കാൻവാസിൽ ഒരുക്കിയിരിക്കുന്ന ചുമർചിത്രത്തിന്റെ ഇതിവൃത്തം പ്രധാനമായും കേരളീയ കലാരൂപങ്ങളാണ്. കൂടാതെ ഓണാഘോഷങ്ങൾ, വളളംകളി, ഉൾപ്പെടെ തൃശൂർ പൂരം വരെ ചുമർചിത്രത്തിലുണ്ട്. കേരളത്തിന്റെ തനത് കലകളായ ഓട്ടംതുളളൽ, ഒപ്പന, കളംപാട്ട്, ദഫ്‍മുട്ട്, കൂടിയാട്ടം, തിടമ്പ് നൃത്തം, പുളളുവൻ പാട്ട്, തെയ്യം, തിറ, മാർഗംകളി, കുമ്മട്ടി, കോൽക്കളി, ഭരതനാട്യം, മോഹിനിയാട്ടം, അർജ്ജുനനൃത്തം ഉൾപ്പെടെ മുപ്പതോളം കലാരൂപങ്ങളെ ഒരു കാൻവാസിൽ കോർത്തിണക്കി അവതരിപ്പിക്കാനുളള ശ്രമത്തിലാണ് സംസ്കൃത സർവ്വകലാശാലയെന്ന് ഡോ. ടി. എസ്. സാജു പറഞ്ഞു.
സർവകലാശാലയിലെ പെയിന്റിംഗ് വിഭാഗം വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും സാജുവിനൊപ്പമുണ്ട്. എ. കെ. സതീശൻ, അജിത്കുമാർ പി. എസ്., ഗോർബി ബി., എസ്. വിനോദ്, ബി. രഞ്ജിത്, മാധവ് എസ്. തുരുത്തിൽ, ആർ. അനൂപ്, സെന്തിൽകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് ചുമർചിത്ര നിർമ്മാണത്തിലെ അണിയറ ശില്പികൾ. 360 ചതുരശ്ര അടി വിസ്തീർണ്ണമുളള ഈ ചുമർചിത്രം 19 ലക്ഷം രൂപ ചെലവിലാണ് സിയാലിന്റെ ആവശ്യപ്രകാരം ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തെയ്യം പ്രമേയമായ ചുമർചിത്രം, തുറവൂർ മഹാദേവ ക്ഷേത്രത്തിലെ ചുമർചിത്രങ്ങളുടെ പുനഃരുദ്ധാരണം എന്നിവ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ചുമർചിത്രകലാ പൈതൃക സംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ മറ്റ് പ്രവർത്തനങ്ങളാണ്.
.
സർവ്കലാശാലയിലെ ചുമർചിത്രകലാ പൈതൃക സംരക്ഷണ കേന്ദ്രത്തിലൂടെ ചുമർചിത്ര ആലേഖനവുമായി ബന്ധപ്പെട്ട് സർക്കാർ/സ്വകാര്യ സ്ഥാപനങ്ങൾക്ക് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കൺസൾട്ടൻസി സർവ്വീസുകൾ നൽകുന്നുണ്ട്. ക്ഷേത്രങ്ങൾ, പളളികൾ, മ്യൂസിയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്കായി ചുമർചിത്രങ്ങൾ ആലേഖനം ചെയ്യുന്ന പദ്ധതികൾ ഏറ്റെടുക്കുന്നതുൾപ്പെടെ നിലവിലുളള ഇത്തരം ചുമർചിത്രങ്ങളും കലാരൂപങ്ങളും സംരക്ഷിക്കുന്നതിനും
പുനഃസ്ഥാപിക്കുന്നതിനുമുളള പദ്ധതികൾ തയ്യാറാക്കുന്നതിനുളള നിർവ്വഹണം, നിർവ്വഹണ മേൽനോട്ടം എന്നിവ ചുമർചിത്രകലാ പൈതൃക സംരക്ഷണ കേന്ദ്രത്തിലൂടെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏറ്റെടുക്കും. വിവിധ കൺസൾട്ടൻസി ആവശ്യങ്ങൾക്കായി സർവകലാശാല ആരംഭിക്കുന്ന സെക്ഷൻ എട്ട് കമ്പനിയുടെ കീഴിലായിരിക്കും ചുമർചിത്രകലാ പൈതൃക സംരക്ഷണകേന്ദ്രം പ്രവർത്തിക്കുക. ആഭ്യന്തര വരുമാനം ലക്ഷ്യമിട്ട് ഇത്തരത്തിലുളള നിരവധി പദ്ധതികൾ സർവ്വകലാശാല ആവിഷ്കരിച്ച് വരികയാണെന്ന് \” വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു.