SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
കോട്ടയം: അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിലുള്ള സര്‍വകലാശാലകളുടെ ആഗോള റാങ്കിങില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് തിളക്കമാര്‍ന്ന നേട്ടം. ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ 2023ലേക്കുള്ള റാങ്കിംഗില്‍ 401 മുതല്‍ 500 വരെയുള്ള റാങ്ക് വിഭാഗത്തിലാണ് സര്‍വകലാശാല ഇടം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ 601 മുതല്‍ 800 വരെയുള്ള റാങ്ക് വിഭാഗത്തില്‍നിന്നാണ് ശ്രദ്ധേയമായ ഈ മുന്നേറ്റം.
104 രാജ്യങ്ങളിലെ 1799 സര്‍വകലാശാലകളെയാണ് റാങ്കിംഗിന് പരിഗണിച്ചത്. അധ്യാപനം, ഗവേഷണം, വിജ്ഞാന കൈമാറ്റം, അന്തര്‍ദേശീയ കാഴ്ച്ചപ്പാട് എന്നിവ വിലയിരുത്തുന്ന 13 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റാങ്ക് നിര്‍ണയം. തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഓക്‌സഫോര്‍ഡ് സര്‍വകലാശാല ഒന്നാമത് എത്തിയ പട്ടികയില്‍ ഇന്ത്യയിലെ 75 സര്‍വകലാശാലകളാണുള്ളത്.
ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ്(ഐ.ഐ.എസ്.സി) രാജ്യത്തുനിന്നും ഏറ്റവും മികച്ച റാങ്ക് വിഭാഗത്തില്‍(251-300) ഉള്‍പ്പെട്ടത്. 351-400 റാങ്ക് വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മൈസൂറിലെ ജെ.എസ്.എസ് അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്, ഹിമാചല്‍ പ്രദേശിലെ ശുലീനി യൂണിവേഴ്‌സിറ്റി എന്നിവ മാത്രമാണ് രാജ്യത്ത് എം.ജി. സര്‍വകലാശാലയ്ക്കു മുന്നിലുള്ളത്.
401 മുതല്‍ 500 വരെയുള്ള റാങ്ക് വിഭാഗത്തില്‍ ഇന്ത്യയില്‍നിന്ന് എംജിസര്‍വകലാശാലയ്‌ക്കൊപ്പം അളഗപ്പ സര്‍വകലാശാലയും ഉള്‍പ്പെട്ടിട്ടുണ്ട്. 1000 വരെയുള്ള റാങ്ക് വിഭാഗത്തില്‍ കേരളത്തില്‍നിന്നും പട്ടികയില്‍ ഇടം പിടിച്ച ഏക സര്‍വകലാശാലയും എം.ജി സര്‍വകലാശാലായാണ്. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ എന്‍.ഐ.ആര്‍.എഫ് റാങ്കിംഗില്‍ തുടര്‍ച്ചയായി സംസ്ഥാനത്ത് ആദ്യ സ്ഥാനം നേടുന്ന എം. ജി. സര്‍വകലാശാല മികച്ച സര്‍വകലാശാലയ്ക്കുള്ള ചാന്‍സലേഴ്‌സ് അവാര്‍ഡ് മൂന്നു തവണ കരസ്ഥമാക്കി. ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ എമേര്‍ജിംഗ് എക്കണോമിക്‌സ് റാങ്കിംഗില്‍ 101 –ാം സ്ഥാനവും ഏഷ്യന്‍ റാങ്കിംഗില്‍ 139- ാം സ്ഥാനവും യംഗ് യൂണിവേഴ്‌സിറ്റീസ് റാങ്കിങില്‍ 146-ാം ാം റാങ്കും അടല്‍ ഇന്നൊവേഷന്‍ റാങ്കിംഗില്‍ നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.
ആഗോള റാങ്കിങില്‍ ആദ്യ അഞ്ഞൂറിലും ദേശീയ തലത്തില്‍ ആദ്യ പത്തിലും ഇടം നേടുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയം നേടിയത് അഭിമാനകരമാണെന്ന് വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് പറഞ്ഞു.