കോട്ടയം: എംജി സർവകലാശാലയുടെ പിജി, ബിഎഡ് പ്രോഗ്രാമുകളിലേക്കുള്ള സപ്ലിമെൻററി അലോട്ട്മെൻറിന് ഇന്നു (സെപ്റ്റംബർ22) മുതൽ സെപ്റ്റംബർ 24 വരെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
യുജി/ഇൻറഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള സപ്ലിമെൻററി അലോട്ട്മെന്റിന്റെ ഓൺലൈൻ രജിസ്‌ട്രേഷന് സെപ്റ്റംബർ 23 മുതൽ സെപ്റ്റംബർ 26 വരെ അവസരമുണ്ട്.
സപ്ലിമെൻററി അലോട്ട്മെൻറ് രജിസ്ട്രേഷനൊപ്പം ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
ഒന്നു മുതൽ മൂന്നു വരെയുള്ള അലോട്ട്മെൻറുകളിൽ തൃപ്തരല്ലാത്തവരും ഇതുവരെ അലോട്ട്മെൻറ് ലഭിക്കാത്തവരും ലഭിച്ചശേഷം വിവിധ കാരണങ്ങളാൽ നിരസിക്കപ്പെട്ടവരും ഉൾപ്പെടെ എല്ലാ വിഭാഗം അപേക്ഷകരെയും സപ്ലിമെൻററി അലോട്ട്മെൻറിൽ പരിഗണിക്കും. ഇതു വരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും അപേക്ഷ സമർപ്പിക്കാം.
നിലവിൽ അഡ്മിഷൻ എടുത്തവർ (എല്ലാ ക്വാട്ടയും സ്ഥിര, താത്കാലിക പ്രവേശനവും ഉൾപ്പെടെ) സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷിക്കുകയും പുതിയതായി അലോട്ട്മെൻറ് ലഭിക്കുകയും ചെയ്താൽ നിലവിലുള്ള അലോട്ട്മെൻറ് റദ്ദാകും.
ഒന്നു മുതൽ മൂന്നു വരെയുള്ള അലോട്ട്മെൻറുകളിലും കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട, മാനേജ്മെൻറ് ക്വാട്ട എന്നിവയിലും അപേക്ഷിച്ചവർക്ക് നിലവിലുള്ള ക്യാപ്പ് ഐഡിയും പാസ് വേഡും ഉപയോഗിച്ച് പുതുതായി ഫീസ് അടയ്ക്കാതെ തന്നെ അപേക്ഷ നൽകാം.
ഇതു വരെ ക്യാപ്പിൽ അപേക്ഷ നൽകാത്തവർ മാത്രം പുതിയതായി അപേക്ഷ ഫീസ് അടച്ചാൽ മതിയാകും. പട്ടിക ജാതി, പട്ടികവർഗ വിഭാഗക്കാർക്കായുള്ള പ്രത്യേക അലോട്ട്മൻറുകൾക്ക് ശേഷമാണ് സപ്ലിമെൻററി അലോട്ട്മെൻറ് നടത്തുന്നത്. അതുകൊണ്ടുതന്നെ ഈ വിഭാഗക്കാർക്ക് സപ്ലിമെൻററി അലോട്ട്മെൻറിൽ പ്രത്യേക സംവരണം ഉണ്ടായിരിക്കില്ല.