ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള NEET- UG കൗൺസലിങ് സെപ്റ്റംബർ 25മുതൽ ആരംഭിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട അന്തിമ പ്രഖ്യാപനം മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി ഉടൻ ഔദ്യോഗിക വെബ്സൈറ്റ് http://mcc.nic.in വഴി ഉടൻ ഉണ്ടാകും. സർക്കാർ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ 15% അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള കൗൺസലിങ് മെഡിക്കൽ കൗൺസലിംങ് കമ്മിറ്റി (MCC) നടത്തും.
ഇതിനുപുറമെ, ഡീംഡ് / സെൻട്രൽ യൂണിവേഴ്സിറ്റി, ഇഎസ്ഐസി / എഎഫ്എംഎസ് ഇൻസ്റ്റിറ്റ്യൂട്ട്, എയിംസ്, ജിംപർ എന്നിവിടങ്ങളിലെ പ്രവേശനവും എംസിസി കൗൺസലിങ്ങിലൂടെ നടത്തും. അതേസമയം, 85% സംസ്ഥാന മെഡിക്കൽ സീറ്റുകളിലേക്കുള്ള നീറ്റ് യുജി കൗൺസലിങ് സംസ്ഥാന തലത്തിൽ നടത്തും.
സംസ്ഥാന ക്വാട്ട കൗൺസിലിംഗിനായി വിവിധ സംസ്ഥാനങ്ങൾ പ്രത്യേക ഷെഡ്യൂളുകൾ പുറപ്പെടുവിക്കും. ഉദ്യോഗാർത്ഥികൾ അതത് വെബ്‌സൈറ്റുകൾ സന്ദർശിച്ച് ഇതിനായി രജിസ്റ്റർ ചെയ്യുകയും കൗൺസിലിങ്ങിന് ഹാജരാകുകയും വേണം. സംസ്ഥാന സീറ്റുകളിലേക്കുള്ള പ്രവേശനത്തിനും ഉദ്യോഗാർത്ഥികളുടെ നീറ്റ് സ്കോറുകൾ ഉപയോഗിക്കും. നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ സംസ്ഥാന കൗൺസിലിംഗിന്റെ വെബ്‌സൈറ്റുകൾ ബുക്ക്‌മാർക്ക് ചെയ്യണം.