പ്രധാന വാർത്തകൾ
പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ്: വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് വി.ശിവൻകുട്ടിസ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസനം: പദ്ധതിയുമായി ഗവ. മോഡൽ എൻജിനീയറിങ്ങ് കോളജ് അധ്യാപകർഎംബിഎ പ്രവേശന പരീക്ഷ: ഉത്തരസൂചിക വന്നുഭിന്നശേഷി മേഖലയിലെ പദ്ധതി ആവിഷ്ക്കരണത്തിനായി ഓൺലൈൻ ജേണൽ പുറത്തിറക്കുംഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ ഗണിതശാസ്ത്ര പഠനകേന്ദ്രം വരുംസംസ്ഥാനത്ത് നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്നാലുവർഷ ബിരുദ കോഴ്സുകൾ: പ്ലസ് ടു വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിപാടിഹയർ സെക്കന്ററി സ്ഥലംമാറ്റം സ്റ്റേ ചെയ്ത സംഭവം: സർക്കാർ ട്രിബ്യൂണലിനെ സമീപിക്കുംസ്കൂളുകളിൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: 12ന് യോഗം ചേരുംനാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്: മികവിന് അംഗീകാരം

തൊഴിൽ മേഖലയ്ക്ക് വളർച്ചയേകി ഒരു വർഷം: മികച്ച നേട്ടവുമായി മുന്നോട്ടെന്ന് മന്ത്രി വി. ശിവൻകുട്ടി

May 19, 2022 at 8:23 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ കേരളത്തിലെ തൊഴിലാളി സമൂഹത്തിന്റേതുൾപ്പെടെ മുഴുവൻ ജനങ്ങളുടെയും പ്രതീക്ഷകൾ നിറവേറ്റുന്ന നയമാണ് തൊഴിൽ മേഖലയിൽ സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്‌. ഈ മേഖലയിലെ പ്രയാണത്തിന് ഊർജ്ജം പകരുന്നതാണ് തൊഴിൽ വകുപ്പിന്റെ പ്രവർത്തനങ്ങളും  പദ്ധതികളും. അസംഘടിത മേഖലയിൽ പണിയെടുക്കുന്നവർ, തോട്ടം തൊഴിലാളികൾ, അതിഥി തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, സ്ത്രീ തൊഴിലാളികൾ തുടങ്ങിയവർക്കു അതാതു മേഖലയ്ക്ക് വേണ്ട രീതിയിൽ  ക്ഷേമ പ്രവർത്തനങ്ങൾ തുടരുന്നു എന്നത് മാത്രമല്ല തൊഴിലാളി തൊഴിലുടമ ബന്ധത്തിന് പുതിയ മാനങ്ങൾ നൽകുവാനും ഒരു വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു.

ഇക്കഴിഞ്ഞ ദിവസം തീരുമാനമായ, തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 58 ൽ നിന്നും 60 വയസായി വർധിപ്പിച്ചത് നടപ്പാക്കുന്നതിനുള്ള തീരുമാനം മേൽ പറഞ്ഞവയ്ക്കെല്ലാം  ഉദാഹരണമാണ്. അരികുവൽക്കരിക്കപ്പെട്ട തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനായി തൊഴിലാളി സംഘടനകളെയും തൊഴിലുടമകളെയും ഒരേ തീരുമാനത്തിലേക്കെത്തിക്കുവാൻ മന്ത്രിയുടെ തന്നെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്ക് സാധിച്ചു. നൂറു കണക്കിന് തോട്ടം തൊഴിലാളികൾക്ക് പ്രയോജനകരമാകുന്ന ഈ  പദ്ധതിയുടെ ആനുകൂല്യത്തിനു  ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യം ഉണ്ടാകും. നിലവിൽ തൊഴിലെടുക്കുന്നവർക്കും ഏപ്രിൽ ഒന്നിന് വിരമിക്കുകയും എന്നാൽ ആനുകൂല്യം കൈപ്പറ്റിയിട്ടില്ലാത്തതുമായ തൊഴിലാളികൾക്ക് ഇത് ബാധകമാണ്. തോട്ടം മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള സർക്കാരിന്റെ ഒന്നാം വാർഷിക സമ്മാനമാണിത്.

കേരള സവാരി

ആധുനികവൽക്കരണം ഓഫീസുകളിൽ മാത്രമല്ല തൊഴിൽ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുക അതിലൂടെ  തൊഴിൽ മേഖലകളിലെ ഇന്നത്തെ കാലത്തെ വെല്ലുവിളികളെ നേരിടുവാൻ തൊഴിലാളികളെ പ്രാപ്തരാക്കുക എന്നതും ഈ സർക്കാരിന്റെ നയമാണ്. ഒന്നാം വാർഷിക കാലയളവിൽ ജൂൺ ആദ്യവാരം നിരത്തിലിറങ്ങുന്ന  \’കേരള സവാരി \’ഓൺലൈൻ ടാക്സി സംവിധാനം ഈ മേഖലയിലെ ബഹുരാഷ്ട്ര സംവിധാനങ്ങൾക്ക് എങ്ങനെ കേരള ബദൽ സൃഷ്ടിക്കാം എന്നതിനുകൂടി ഉദാഹരണമാകും. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ ആഭിമുഖ്യത്തിലുള്ള ഈ പദ്ധതി നടപ്പാക്കുന്നതിന് ഗതാഗതം, പോലീസ്, ലീഗൽ മെട്രോളജി എന്നീ  വകുപ്പുകളും സഹകരിക്കും. സാങ്കേതിക സഹായം നൽകുന്നത് പാലക്കാട്  ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ആണ് .സംസ്ഥാന തൊഴിൽ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. നിയന്ത്രണം തൊഴിൽ വകുപ്പിനായിരിക്കും. ആദ്യ ഘട്ടത്തിൽ തലസ്ഥാന നഗരത്തിലായിരിക്കും ഇതിന്റെ പ്രവർത്തനം. ഇതിനായി പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കും.

തൊഴിൽസേവ മൊബൈൽ ആപ്പ്

തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും തൊഴിൽ നിയമങ്ങളിലും തൊഴിൽവകുപ്പിൻറെ നടപടിക്രമങ്ങളിലുമുള്ള അജ്ഞത മൂലം ഉണ്ടാകുന്ന തൊഴിൽ തർക്കങ്ങളും സംശയങ്ങളും ബുദ്ധിമുട്ടുകളും ചുമട്ടുതൊഴിൽ രംഗത്ത് ഉണ്ടാകുന്ന നോക്കുകൂലി, ചുമട്ടുതൊഴിൽ തർക്കങ്ങൾ തുടങ്ങിയവ ഒഴിവാക്കുന്നതിനുമായി ലേബർകമ്മീഷണറുടെ മേൽനോട്ടത്തിൽ മൊബൈൽ ആപ്ലിക്കേഷൻ രൂപീകരിച്ചു . തൊഴിൽസേവ ആപ്പ് എന്ന് പേരിട്ടിട്ടുള്ള ഈ ആപ്ലിക്കേഷനും ജൂൺ മാസത്തിൽ തന്നെ പുറത്തിറക്കും. വിവിധ ജില്ലകളിലെ ഹെഡ് ലോഡ് നിരക്കുകൾ, വകുപ്പുമായി ബന്ധപ്പെട്ട പതിവു ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയും അവയുടെ ഉത്തരങ്ങളും തുടങ്ങിയവ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഈ ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങൾക്ക് ചുമട്ടുതൊഴിൽ സംബന്ധമായ പരാതികൾ സമർപ്പിക്കുന്നതിനുള്ള സൌകര്യവും ലഭ്യമാക്കിയിട്ടുണ്ട്. പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് എസ്.എം.എസ്. അലർട്ട് ആയി ലഭ്യമാവുകയും വളരെ വേഗത്തിൽ പരിഹാരം കാണുന്നതിനും സാധിക്കും.

\"\"

കേരള അതിഥി മൊബൈൽ ആപ്പ്

സംസ്ഥാനത്ത് ജോലിയ്ക്കായി എത്തുന്ന വിവിധ സംസ്ഥാനങ്ങളിലെ തൊഴിലാളികളെ സംബന്ധിച്ച വിവരശേഖരണത്തിനായി രൂപീകരിച്ചിട്ടുള്ള മൊബൈൽ ആപ്പ് ആണ് കേരള അതിഥി മൊബൈൽ ആപ്പ്.

കേരളത്തിലേക്ക് തൊഴിലിനായി വരുന്ന അതിഥി തൊഴിലാളികൾക്ക് അവരുടെ യാത്ര സ്വന്തം സംസ്ഥാനത്തുനിന്ന് ആരംഭിക്കുന്നതിനു മുൻപ് തന്നെ മൊബൈൽ ആപ്പ് മുഖേന രജിസ്റ്റർ ചെയ്യുന്നതിനും കേരളത്തിൽ എത്തുന്ന മുറയ്ക്ക് അതിഥി തൊഴിലാളികൾക്കായി സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ള ഫെസിലിറ്റേഷൻ സെന്ററുകൾ മുഖേന ബയോമെട്രിക് വിവരങ്ങൾ നൽകിക്കൊണ്ട് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനും സർക്കാർ അതിഥി തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് മുഖേന നൽകിവരുന്ന ആനുകൂല്യങ്ങൾ ലഭ്യമാക്കുവാനും കഴിയുന്നു. കോവിഡ് പോലുള്ള പകർച്ചവ്യാധികളോ മറ്റ് അടിയന്തിര സാഹചര്യങ്ങളോ ഉണ്ടാകുന്ന ഘട്ടത്തിൽ അതിഥി തൊഴിലാളികൾക്ക് വിവരങ്ങളും നിർദ്ദേശങ്ങളും ലൈവ് ആയി മൊബൈൽ ആപ്പിലൂടെ നൽകിക്കൊണ്ട് അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ സൌകര്യങ്ങൾ ലഭ്യമാക്കുന്നതിനും സാധിക്കും .

അതിഥി തൊഴിലാളികൾക്കായുള്ള ആവാസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ നടത്തിപ്പിനായി ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകൾ, സുരക്ഷിത പാർപ്പിട സൗകര്യം ഉറപ്പുവരുത്തുന്നതിനു  ആലയ് പദ്ധതി തുടങ്ങിയവയും
കേരളത്തിൽ അതിഥി തൊഴിലാളികൾക്കായി ഹോസ്റ്റൽ കെട്ടിടങ്ങളും കെട്ടിട സമുച്ചയങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെത്തുന്ന അതിഥി തൊഴിലാളികൾക്കായുള്ള ഇൻഷുറൻസ് പദ്ധതി, സാമൂഹിക സുരക്ഷ പദ്ധതിയടക്കം തദ്ദേശീയ തൊഴിലാളികൾക്കായി ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുകയാണ് സർക്കാർ നയം .

അതിഥി തൊഴിലാളികൾക്ക് സൗകര്യങ്ങളും സേവനങ്ങളും നൽകുന്നതിന്റെ ഭാഗമായി പുതിയ  അഞ്ചു സെന്ററുകൾ ഉൾപ്പെടെ കേരളത്തിലെ എല്ലാ ജില്ലകളിലും ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിച്ചു വരുന്നു. ബംഗാളി, ഹിന്ദി, മലയാളം ഭാഷകൾ കൈകാര്യം ചെയ്യുന്ന ഫെസിലിറ്റേറ്റർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്. ജോലി, ബാങ്കിങ്, ആരോഗ്യം, യാത്ര, അപകടത്തിൽ മരണമടയുന്നവരുടെ ആശ്രിതർക്കുള്ള സഹായം ലഭ്യമാക്കൽ, നിയമ പരിരക്ഷ സംബന്ധിച്ച അവബോധം നൽകൽ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭിക്കും.

തൃശൂർ, കണ്ണൂർ, മലപ്പുറം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഫെസിലിറ്റേഷൻ സെന്ററുകൾ വെർച്വലായി അടുത്തിടെ  ഉദ്‌ഘാടനം ചെയ്തു .

അതിഥി തൊഴിലാളികൾക്ക് മികച്ച താമസ സൗകര്യമൊരുക്കാനായി സർക്കാർ ആലയ് എന്ന പേരിൽ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ്.

അതിഥി തൊഴിലാളികൾക്ക് 6.5 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള ഫ്ലോർ ഏരിയയും അടുക്കളയും ടോയ്ലറ്റ് ഉൾപ്പെടെയുള്ള പൊതു സൗകര്യങ്ങളും ഉള്ള മെച്ചപ്പെട്ട വാടക കെട്ടിടം ലഭ്യമാക്കുകയാണ് ആലയ് പദ്ധതി ലക്‌ഷ്യം വയ്ക്കുന്നത് . ഇതിനായി തൊഴിൽ വകുപ്പ് തയ്യാറാക്കിയിട്ടുള്ള പോർട്ടലിലൂടെ സ്വകാര്യ വ്യക്തികൾക്ക് തങ്ങളുടെ വാടക കെട്ടിടങ്ങളും വിവരങ്ങളും രജിസ്റ്റർ ചെയ്യാം. ഈ പോർട്ടൽ പരിശോധിച്ച് അതിഥി തൊഴിലാളികൾക്ക് ബുദ്ധിമുട്ടില്ലാതെ ഉചിതമായ താമസസൗകര്യം കണ്ടെത്താൻ സഹായിക്കുന്ന രീതിയിലാണ് പോർട്ടൽ ഒരുക്കിയിരിക്കുന്നത്.

ആവാസ്

അതിഥി തൊഴിലാളികൾക്കായുള്ള സമാനതകളില്ലാത്ത ഈ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ 25,000 രൂപയ്ക്കുവരെ ചികിത്സാ സൗകര്യം ലഭിക്കും . ഒപ്പം ഇവിടെ തൊഴിലിനിടെ മരണമടയുന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ ആശ്രിതർക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ . ഗുരുതര അംഗ വൈകല്യം വരുന്നവർക്ക് ഒരു ലക്ഷം രൂപ  സഹായം എന്നിവ ലഭിക്കും . ഇതു കൂടാതെ ഇവിടെ മരണമടയുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ മൃതശരീരം ജന്മ നാട്ടിൽ എത്തിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നതിന് പ്രത്യേക പദ്ധതിയും നിലവിലുണ്ട് .

സംസ്ഥാനത്തിന്‍റെ സമസ്തമേഖലകളിലും അതിഥി തൊഴിലാളികളുടെ സാന്നിധ്യം നമുക്ക് കാണാന്‍ കഴിയും.പ്രധാന തൊഴില്‍ മേഖലകളായ നിര്‍മ്മാണ മേഖല, ഹോട്ടല്‍ മേഖല, പ്ലൈവുഡ് മേഖല ഉള്‍പ്പെടെയുള്ള എല്ലാ തൊഴില്‍ മേഖലകളിലും അതിഥി തൊഴിലാളികളെ ഇന്ന് കാണാന്‍ കഴിയും.

ഇന്ത്യയിലെ വടക്കന്‍ സംസ്ഥാനങ്ങളിലെയും വടക്ക് കിഴക്കന്‍, സംസ്ഥാനങ്ങളിലെയും ഉത്തരേന്ത്യയിലെയും സാമ്പത്തിക പിന്നോക്കാവസ്ഥ, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ, തൊഴില്‍പരമായ പിന്നോക്കാവസ്ഥ, സ്ഥിരം തൊഴില്‍ ഇല്ലാത്ത അവസ്ഥ എന്നിവയും കേരളത്തിലെ മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷവും കൂലി വ്യവസ്ഥയുമാണ് ഇതര സംസ്ഥാന തൊഴിലാളികള്‍  കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നതിന് കാരണമായത്.

കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികളില്‍ 88 ശതമാനം പുരുഷന്മാരും 12 ശതമാനം സ്ത്രീകളും ഉണ്ടെന്നാണ് കണക്കുകള്‍ .കോവിഡ് കാലത്ത് തൊഴില്‍ വകുപ്പിന്‍റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസസൗകര്യവും ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാര്‍ സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് യാത്രാ സൗകര്യം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ തൊഴില്‍ വകുപ്പ് മുഖേന ഉറപ്പാക്കി.

അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്.ഈ പദ്ധതിയിലൂടെ അഞ്ച് ലക്ഷത്തില്‍പരം തൊഴിലാളികള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു.

ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എം.പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ഒരുക്കുന്നതിന് തൊഴില്‍ വകുപ്പ് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ ഇവിടെ എത്തിച്ചേര്‍ന്ന ഏതെങ്കിലും അതിഥി തൊഴിലാളികള്‍ ആവാസ് പദ്ധതിയില്‍ അംഗങ്ങളായിട്ടില്ലെങ്കില്‍ ഈ ക്യാമ്പില്‍ വെച്ചു തന്നെ അതിനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

\"\"

അതോടൊപ്പം തന്നെ നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന് കീഴില്‍ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി എന്ന പദ്ധതിയും അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.

സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യം തൊഴിലാളികളുടെ മക്കള്‍ക്ക് പഠനാനുകൂല്യവും തുടങ്ങിയ നിരവധി ആനുകൂല്യങ്ങള്‍ ഈ പദ്ധതിയിലൂടെ ലഭിക്കുന്നു.

സംസ്ഥാനത്ത് വെച്ച് മരണമടയുന്ന അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിന് റിവോള്‍വിംഗ് ഫണ്ട് ആയി പരമാവധി അമ്പതിനായിരം രൂപ കുടിയേറ്റ തൊഴിലാളി പദ്ധതി പ്രകാരം ലഭ്യമാണ്.

അതിഥി തൊഴിലാളികള്‍ക്കായി കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച പാര്‍പ്പിട പദ്ധതി ആണ് അപ്നാഘര്‍. തൊഴിലാളികള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ വൃത്തിയുള്ളതും സുരക്ഷിതവും ആയ താമസസൗകര്യം ഒരുക്കുന്നതിനാണ് അപ്നാഘര്‍ പ്രോജക്ട് കൊണ്ടു വന്നിട്ടുള്ളത്. ഇത്തരം ഹോസ്റ്റലുകളില്‍ കിടപ്പുമുറികളും ഒന്നിലധികം അടുക്കളകളും റിക്രിയേഷന്‍ സെന്‍ററുകളും ഒരുക്കിയിട്ടുണ്ട്.

പാലക്കാട് കഞ്ചിക്കോട് ഇത്തരത്തിലുള്ള ഒരു പ്രോജക്ട് ഭവനം ഫൗണ്ടേഷന്‍ മുഖേന ആരംഭിച്ചിട്ടുണ്ട്. 620 തൊഴിലാളികള്‍ ഇവിടെ താമസിക്കുന്നുണ്ട്.കൂടാതെ കോഴിക്കോട് ജില്ലയിലെ കിനാലൂരിലും  ഒരു ഹോസ്റ്റല്‍ സമുച്ചയം ഉദ്ഘാടനം ചെയ്തു കഴിഞ്ഞു.എറണാകുളത്ത് കളമശ്ശേരി കിന്‍ഫ്രാ പാര്‍ക്കില്‍ 990 പേര്‍ക്ക് താമസിക്കാവുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയായി വരികയാണ്.ഇങ്ങനെ സംസ്ഥാനത്ത് തൊഴില്‍ തേടി എത്തുന്ന അതിഥി തൊഴിലാളികള്‍ക്കായി നിരവധി ക്ഷേമ പദ്ധതികളാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.തദ്ദേശീയരായ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും തൊഴിലവകാശങ്ങളും അതിഥി തൊഴിലാളികള്‍ക്കും ലഭിക്കണം എന്നതാണ് സര്‍ക്കാര്‍ നയം.

അതിഥി തൊഴിലാളികള്‍ക്ക് മികച്ച പാര്‍പ്പിട സൗകര്യം ഒരുക്കുന്നതിന് വേണ്ടി അപ്നാഘര്‍ പദ്ധതിക്ക് പുറമെ ആലയ് എന്ന പദ്ധതിയും നടപ്പിലാക്കി വരുന്നു.

അതിഥി തൊഴിലാളികള്‍ക്ക് 6.5 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഫ്ളോര്‍ ഏരിയയും, പൊതുവരാന്തയും, ടോയ്ലറ്റും ഉള്‍പ്പെടെ മെച്ചപ്പെട്ട താമസസൗകര്യം ഉറപ്പാക്കുന്നതാണ ആലയ്  പദ്ധതി.

ലേബര്‍ കമ്മീഷണര്‍ തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ് വെയര്‍ പോര്‍ട്ടല്‍ മുഖേന കെട്ടിട ഉടമകള്‍ക്ക് അവരുടെ കെട്ടിട വിവരങ്ങള്‍ പ്രസിദ്ധീകരിക്കാവുന്നതും ഈ പോര്‍ട്ടലില്‍ പ്രവേശിച്ച അതിഥി തൊഴിലാളികള്‍ക്ക് തങ്ങള്‍ക്കാവശ്യമുള്ള കെട്ടിടങ്ങള്‍ തെരഞ്ഞെടുക്കാവുന്ന തരത്തിലുമാണ് ഈ പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുള്ളത്.അതിഥി തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാരുടെ രെജിസ്ട്രേഷൻ ഉറപ്പുവരുത്തി.

ഇന്റർസ്റ്റേറ്റ് മൈഗ്രന്റ് വർക്കേഴ്സ് നിയമം – 1979 പ്രകാരം ഏജന്റുമാർ അല്ലെങ്കിൽ കോൺട്രാക്ടർമാർ മുഖേന അഞ്ചിൽ കൂടുതൽ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങളുടെ കോൺട്രാക്ടർമാരുടെ ലൈസൻസും സ്ഥാപന ഉടമയുടെ രജിസ്ട്രേഷനും എടുപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ തൊഴിൽ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്ട്രേഷന് വേണ്ടി ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ ഫണ്ട്‌ ബോർഡ് വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷനായ \’ഗസ്റ്റ് ആപ്പ് \’ പുറത്തിറക്കി.

2010 ൽ ആരംഭിച്ച കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിൽ അംഗത്വ രജിസ്ട്രേഷൻ താരതമ്യേന കുറവാണ്. നിലവിൽ 58,888 അതിഥി തൊഴിലാളികൾ ആണ് പദ്ധതിയിൽ അംഗങ്ങളായി ചേർന്നിട്ടുള്ളത്. അപേക്ഷ പൂരിപ്പിച്ച് നൽകുന്നതിനും ഫോട്ടോ നൽകുന്നതിനും അതിഥി തൊഴിലാളികൾ വിമുഖത കാട്ടുന്നതാണ് അംഗത്വം വർധിക്കാതിരിക്കാൻ കാരണം. ഈ സാഹചര്യം കണക്കിലെടുത്ത് അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ കാര്യക്ഷമമാക്കുന്നതിനായാണ് \’ഗസ്റ്റ് ആപ്പ്\’ എന്നപേരിൽ മൊബൈൽ ആപ്പ് വികസിപ്പിച്ചിട്ടുള്ളത്.

ബോർഡിലെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർമാർക്കും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്കും തൊഴിലിടങ്ങളിൽ നേരിട്ട് ചെന്ന് മൊബൈൽഫോൺ ഉപയോഗിച്ച് ഫോട്ടോയെടുത്ത് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സൗകര്യം ആപ്പിൽ ഒരുക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യുമ്പോൾ ഐഡി കാർഡ് തൊഴിലാളികളുടെ വാട്സ്ആപ്പ് നമ്പറിൽ ലഭിക്കുന്ന സംവിധാനവും ആപ്പിൽ ലഭ്യമാണ്. അർഹരായവരെ പദ്ധതിയിൽ ഉൾപ്പെടുത്താൻ തൊഴിൽ വകുപ്പ് പ്രത്യേക പരിശ്രമം നടത്തിവരികയാണ്.

തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ബില്ല് സംസ്ഥാന സർക്കാരിന്റെ സജീവ പരിഗണനയിൽ .

ഗാർഹിക മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിന് കാമ്പയിനുകളും സ്പെഷൽ ഡ്രൈവുകളും നടത്തി.

സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഈ മേഖലയിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളിൽ തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥർ സന്ദർശിച്ച് സ്ഥാപനങ്ങൾ മുഖാന്തരം ജോലി ലഭിച്ചിട്ടുള്ള തൊഴിലാളികളെ ബോർഡിൽ അംഗത്വം എടുക്കുന്നതിനുള്ള നടപടി സ്വീകരിച്ചു  .

അസംഘടിതമേഖലയിലെ ഗൃഹ ജോലിചെയ്യുന്ന തൊഴിലാളികളെയും അസംഘടിത ബോർഡിന്റെ രജിസ്റ്റർഡ് അംഗങ്ങളാക്കുമെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട് .

രണ്ടാഴ്ച നീണ്ടുനിന്ന ക്യാമ്പയിനിൽ രജിസ്ട്രേഷൻ കൂടാതെ നിലവിലെ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശ്ശിക മെമ്പർഷിപ്പ് തുക ഗഡുക്കളായി ഒടുക്കുന്നതിനുള്ള സംവിധാനവും ഉൾപ്പെടുത്തിയിരുന്നു . മെമ്പർഷിപ്പ് എത്രയും വേഗം സംസ്ഥാന ഓഫീസുമായി ബന്ധപ്പെട്ട് പുതുക്കുന്നതിനുള്ള സംവിധാനവും കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് ഒരുക്കിയിരുന്നു .

ഗാർഹിക തൊഴിലാളികളെ റിക്രൂട് ചെയ്യുന്ന ഏജൻസികളെ ലൈസൻസിന്റെ പരിധിയിൽ കൊണ്ടുവരുന്നതും തൊഴിലാളി/തൊഴിലുടമ ബന്ധം നിർബന്ധമായും കരാറിന്റെ പരിധിയിൽ കൊണ്ടുവരുന്നതുമടക്കമുള്ള നടപടികൾ ഉടനെ തന്നെ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതായിരിക്കും.

കംപ്ലെയ്ൻറ് മാനേജ്മെൻറ് മൊഡ്യൂൾ

പൊതുജനങ്ങൾക്കും തൊഴിലാളികൾക്കും  തൊഴിൽ സംബന്ധമായ പരാതികൾ തൊഴിൽവകുപ്പിലെ  വിവിധ ഉദ്യോഗസ്ഥർക്ക് ഓൺലൈനായി നൽകുന്നതിനും ഓഫീസുകളിൽ നേരിട്ട് ലഭിക്കുന്ന പരാതികൾ ലേബർ കമ്മീഷണറുടെ അനുമതിയ്ക്കായി, മേലുദ്യോഗസ്ഥരുടെ ശുപാർശ സഹിതം സമർപ്പിക്കുന്നതിനുമായി ലേബർ കമ്മീഷണറുടെ പോർട്ടലായ ലേബർ കമ്മീഷണറേറ്റ് ഓട്ടോമേഷൻ സിസ്റ്റം(LCAS) ൽ  പരാതി പരിഹാര സംവിധാനമായ  കംപ്ലെയ്ൻറ് മാനേജ്മെൻറ് മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട് .

പൊതുജനങ്ങൾക്ക് ലേബർകമ്മീഷണറുടെ വെബ്സൈറ്റിലൂടെ പരാതികൾ തൊഴിൽവകുപ്പിലെ ഏത് ഉദ്യോഗസ്ഥർക്കും സമർപ്പിക്കുന്നതിനും ഓഫീസർമാർക്ക് തങ്ങളുടെ ഓഫീസിൽ ലഭിക്കുന്ന പരാതികൾ LCAS ലെ കംപ്ലെയ്ൻറ് മാനേജ്മെൻറ് മൊഡ്യൂൾ മുഖേന അപ്-ലോഡ് ചെയ്ത് വളരെ വേഗത്തിൽ ലേബർ കമ്മീഷണറുടെ അനുമതി ലഭ്യമാക്കി നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള സംവിധാനവും  ഈ മൊഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
 
തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം

രാജ്യത്ത് ആദ്യമായി നമ്മുടെ സംസ്ഥാനത്ത് ആണ് തൊഴിലാളികളുടെ മികവ് കണ്ടെത്തി അവരെ ആദരിക്കുന്ന  പദ്ധതി  സർക്കാർ നടപ്പിലാക്കുന്നത്.

2019-ൽ കേരള സർക്കാർ ആദ്യമായി തൊഴിലാളി ശ്രേഷ്ഠ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കി .  15 തൊഴിൽ മേഖലകളിൽ നിന്നായി ഏറ്റവും മികച്ച 15 തൊഴിലാളികളെ കണ്ടെത്തി, 1 ലക്ഷം രൂപയും പ്രശസ്തി പത്രവും  തൊഴിലാളി ശ്രേഷ്ഠ അവാർഡായി 2020 ൽ നൽകുകയുണ്ടായി.ഈ വർഷം രണ്ട് പുതിയ മേഖല കൂടി തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് വേണ്ടി പരിഗണിച്ചു.

അങ്ങനെ നിലവിൽ 17 തൊഴിൽ മേഖലകളിലെ ഏറ്റവും മികച്ച തൊഴിലാളികൾക്കാണ്  തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നൽകിയത്.

സംസ്ഥാനത്തെ സമസ്ത മേഖലകളും പുരോഗതി കൈവരിച്ചിട്ടുളളത് മികച്ച തൊഴിലാളികളുടെ ആത്മാർത്ഥമായ പരിശ്രമങ്ങളുടെ കൂടി ഫലമായാണ്. 

പ്രബുദ്ധരായ തൊഴിലാളി സമൂഹത്തിന്റെ ആത്മാർത്ഥ പ്രവർത്തനങ്ങളെയും മികവിനെയും പ്രോത്സാഹിപ്പിക്കുന്നതിനും, അംഗീകരിക്കുന്നതിനും വേണ്ടിയാണ് സംസ്ഥാന തൊഴിൽ വകുപ്പ് തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുളളത്. 

ഇതിലൂടെ പുരോഗമനപരമായ ഒരു തൊഴിൽ സംസ്‌കാരം സമൂഹത്തിൽ രൂപപ്പെടുന്നതിനൊപ്പം മികവ് അംഗീകരിക്കപ്പെടുമെന്ന സന്ദേശം കൂടി പ്രചരിപ്പിക്കുവാൻ സംസ്ഥാന തൊഴിൽ വകുപ്പിന് സാധിച്ചിട്ടുണ്ട്.

മികച്ച തൊഴിലിടങ്ങൾക്കു  മുഖ്യമന്ത്രിയുടെ എക്സലൻസ് പുരസ്‌കാരം

സംസ്ഥാന തൊഴിൽ വകുപ്പ് തൊഴിലാളി ക്ഷേമത്തിലും തൊഴിൽ നിയമ പാലനത്തിലും മികവ് പുലർത്തുന്ന മികച്ച തൊഴിലിടങ്ങൾക്കു ഏർപ്പെടുത്തിയിട്ടുള്ള മുഖ്യമന്ത്രിയുടെ പ്രഥമ എക്സലൻസ് പുരസ്‌കാരം എട്ട് സ്ഥാപനങ്ങൾക്കു നൽകി.

ഇതിനൊപ്പം മറ്റ് 85 സ്ഥാപനങ്ങൾ നേരത്തെ ഏർപ്പെടുത്തിയിട്ടുള്ള വജ്ര പുരസ്കാരത്തിനും 117 സ്ഥാപനങ്ങൾ സുവർണ പുരസ്കാരവും സ്വീകരിച്ചു.

സംസ്ഥാനത്തെ വ്യാപാര വാണിജ്യ വ്യവസായ സ്ഥാപനങ്ങളെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഗ്രേഡ് ചെയ്താണ് പുരസ്‌കാരം നിശ്ചയിച്ചത്. ഇതിനായി മികച്ച തൊഴിൽ ദാതാവ്, തൊഴിൽ നിയമ പാലനത്തിലെ കൃത്യത, സംതൃപ്തരായ തൊഴിലാളികൾ, വേതന സുരക്ഷാ പദ്ധതിയുടെ ഉപയോഗം. മികവുറ്റ തൊഴിൽ അന്തരീക്ഷം, തൊഴിൽ നൈപുണ്യ വികസന പങ്കാളിത്തം, സ്ത്രീ സൗഹൃദം, തൊഴിലാളി ക്ഷേമ പദ്ധതികളോടുള്ള ആഭിമുഖ്യം, തൊഴിലിടത്തിലെ സുരക്ഷ, സാമൂഹിക പ്രതിബദ്ധത എന്നീ ഘടകങ്ങൾ വിലയിരുത്തി.

\"\"

തൊഴിൽ വകുപ്പിന് കീഴിലെ 16 ബോർഡുകൾക്കും  പൊതു സോഫ്റ്റ്‌വെയർ സംവിധാനം

സംസ്ഥാന തൊഴിൽ വകുപ്പിന്റെ ആധുനിക വൽക്കരണത്തിന്റെയും ഡിജിറ്റലൈസേഷന്റെയും ഭാഗമായി വകുപ്പിന് കീഴിലുള്ള 16 ക്ഷേമ നിധി ബോർഡുകളുടെയും ഭരണ നിർവഹണം, ക്ഷേമ പദ്ധതികളുടെ നടത്തിപ്പ്, അംശദായം അടയ്ക്കൽ, അക്കൗണ്ടിംഗ്, ഓഫീസിൽ നടത്തിപ്പ് തുടങ്ങിയ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം എന്ന പൊതു സോഫ്റ്റവെയർ സംവിധാനം ആരംഭിച്ചു .

ഈ സംവിധാനത്തിലൂടെ തൊഴിലാളികൾക്ക് ഓൺലൈൻ ആയി എളുപ്പത്തിൽ അംശദായം അടയ്ക്കുവാനും ഒന്നിലധികം ബോർഡുകളിലായി ഇരട്ട അംഗത്വം വരുന്നത് ഒഴിവാക്കാനുമാകും . അതിനാൽ അർഹതപ്പെട്ട ആനുകൂല്യങ്ങൾ കൃത്യമായി ഓൺലൈൻ ആയി ബാങ്കുകൾ വഴി ലഭിക്കും . അംഗങ്ങളുടെ ആധാർ അധിഷ്ഠിത വിവരങ്ങൾ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തുന്നതിനാൽ ക്യൂ ആർ കോഡ് ഉൾപ്പെടുത്തിയ സ്മാർട്ട് തിരിച്ചറിയൽ കാർഡ് അതാതു ബോർഡുകൾ വഴി ലഭ്യമാകും .

ഒന്നാം ഘട്ടത്തിൽ ഏകദേശം 67 ലക്ഷം അംഗങ്ങളുടെ വിവരങ്ങൾ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തി പുതുക്കിയിട്ടുണ്ട് . അക്ഷയ കേന്ദ്രങ്ങൾ വഴിയും ക്ഷേമനിധി ബോർഡുകളുടെ ജില്ലാ ഓഫീസുകൾ ട്രേഡ് യൂണിയനുകൾ എന്നിവ മുഖേനയും അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റത്തിലേക്കുള്ള രെജിസ്ട്രേഷൻ നടത്താം .

നിലവിൽ സ്വന്തമായി സോഫ്റ്റ്‌വെയർ ഉള്ള ബോർഡുകളെ എ ഐ ഐ എസുമായി ഇന്റഗ്രെയ്റ്റ് ചെയ്തും , സോഫ്റ്റ്‌വെയർ ഇല്ലാത്തവർക്ക് എ ഐ ഐ എസ സേവനം ലഭ്യമാക്കിയുമാണ് പദ്ധതി നടപ്പാക്കിയത്.

സഹജ കോൾ സെന്റർ

കേരളത്തിലെ സ്ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന അതിക്രമങ്ങൾ, വിവേചനം, തൊഴിലാളികൾക്കുളള ഇരിപ്പിട സൗകര്യങ്ങൾ ലഭ്യമാക്കാതിരിക്കൽ തുടങ്ങി വിവിധ പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കുന്നതിനായി അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ തൊഴിലാളികൾക്ക് മാത്രമായി ഒരു കോൾ സെന്റർ സംവിധാനം സംസ്ഥാന തൊഴിൽ വകുപ്പ് ‘സഹജ’ എന്ന പേരിൽ സജ്ജീകരിച്ചു.  സ്ത്രീ തൊഴിലാളികൾക്ക് അവരുടെ തൊഴിലിടങ്ങളിലെ എന്ത് പ്രശ്നങ്ങളായാലും – അതായത്   ക്രഷ് ലഭ്യമല്ല , ഇരിപ്പിട സൗകര്യമില്ല, ടോയ്ലറ്റ് സംവിധാനം ഇല്ല തുടങ്ങി എന്ത് പരാതിയായാലും അത് കോൾ സെന്റർ എക്സിക്യുട്ടീവിനെ രാവില 10 മുതൽ വൈകീട്ട് 5 മണി വരെയുള്ള സമയത്ത് നേരിട്ട് വിളിച്ച് അറിയിക്കാവുന്നതാണ്. 180042555215 എന്നതാണ് ടോൾ ഫ്രീ നമ്പർ. ഈ നമ്പറിലേക്ക് വിളിച്ചാൽ ആവശ്യമായ നിർദ്ദേശങ്ങൾ കോൾ സെന്റർ എക്സിക്യൂട്ടീവ് നൽകുന്നതോടൊപ്പം ഈ പരാതി ബന്ധപ്പെട്ട തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥന് കൈമാറുകയും അത് സംബന്ധിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ മെസേജായി പരാതി നൽകിയ തൊഴിലാളിക്ക് ലഭിക്കുകയും ചെയ്യും. മാത്രവുമല്ല തൊഴിലാളി ആഗ്രഹിക്കുന്ന പക്ഷം അവരുടെ ഐഡന്റിറ്റി വെളിവാക്കാതെ തന്നെ ഈ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിനുള്ള സംവിധാനം തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ മുഖേന നടപ്പിലാക്കുന്നുണ്ട്. അത് കൂടാതെ തൊഴിൽ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട തൊഴിലിടങ്ങളിലെ പരാതി ശ്രദ്ധയിപ്പെട്ടാൽ, അതിനാവശ്യമായിട്ടുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കുന്നതിനുള്ള സംവിധാനവും തൊഴിൽ വകുപ്പ് ഒരുക്കിയിട്ടുണ്ട് . ഇത് സംബന്ധിച്ചു വിപുലമായ പ്രചാരണവും വകുപ്പ് നടത്തിയിട്ടുണ്ട് .

\"\"

ഇരിപ്പിട സൗകര്യം ഉറപ്പുവരുത്തൽ

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങി വെച്ച ഒരു പ്രധാന നടപടിയായിരുന്നു തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് ഇരിപ്പിടങ്ങൾ ഉറപ്പാക്കുക എന്നത് .  2018-ലെ KS&CE നിയമ ഭേദഗതി ഓർഡിനൻസ് വകുപ്പ് 21 (ബി) പ്രകാരം തൊഴിലാളികൾക്ക് ജോലി സ്ഥലത്ത് ഇരിക്കുന്നതിനുളള ഇരിപ്പിട സൗകര്യം തൊഴിലുടമ ഏർപ്പെടുത്തി നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ആയതു പ്രകാരം ഇത് ഉറപ്പു വരുത്തുന്നതിനായി തൊഴിൽ വകുപ്പ് പരിശോധനകൾ ഊർജ്ജിതമാക്കുന്നതിനു തീരുമാനിച്ചു . ഇത് സംബന്ധിച്ച ഒരു പ്രചാരണ പരിപാടിക്ക്  നിലവിലെ സർക്കാർ തുടക്കമിട്ടു .ഇങ്ങിനെ സ്ത്രീ തൊഴിലാളികൾക്ക് അവരുടെ തൊഴിലിടങ്ങളിലെ എല്ലാ അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികൾ തൊഴിൽ വകുപ്പ് സ്വീകരിച്ചുവരുന്നു.

തൊഴിൽ വകുപ്പ് 2019 മുതൽ 2021 വരെ മിനിമം വേതനം പുതുക്കി വിജ്ഞാപനം ചെയ്തിട്ടുള്ള 29 മേഖലകളിലെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ കൈ പുസ്തകം പുറത്തിറക്കി.

വിവിധ തൊഴിൽ മേഖലകളിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് കുടുംബത്തെ സംരക്ഷിച്ചുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനും സാമൂഹ്യ പുരോഗതി ആർജ്ജിക്കുന്നതിനും ആവശ്യമായ വേതനം കാലാകാലങ്ങളിൽ ലഭ്യമാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് എല്ലാ പുരോഗമന സർക്കാരുകളുടെയും ഉത്തരവാദിത്തമാണ്. ഇക്കാര്യത്തിലും കേരളം രാജ്യത്തിന് മാത്യകയാണ്.

മിനിമം വേതന നിയമത്തിന്റെ പരിധിയിൽ വരുന്ന എല്ലാ തൊഴിൽ മേഖലകളിലേയും മിനിമം വേതന വിജ്ഞാപനങ്ങൾ കാലാവധി പൂർത്തിയാക്കുന്ന മുറയ്ക്ക് പുതുക്കി വിജ്ഞാപനം ചെയ്യുന്നതിനുള്ള നടപടി സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നുണ്ട്.

സംസ്ഥാനത്തു വിവിധ തൊഴിൽ മേഖലകളെ മിനിമം വേതന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും ഉയർന്ന മിനിമം വേതനം ഉറപ്പുവരുത്തിയിട്ടുള്ള സംസ്ഥാനമാണ് കേരളം.ഇതിലൂടെ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പിക്കുവാനും, തുച്ഛമായ കൂലിക്ക് ജോലി ചെയ്യിക്കുന്ന ചുഷണം അവസാനിപ്പിക്കുവാനും സാധിച്ചിട്ടുണ്ട്.

മുൻ എൽ.ഡി.എഫ് സർക്കാരും 26 തൊഴിൽ മേഖലകളിൽ മിനിമം വേതനം പുതുക്കി നിശ്ചയിച്ചത് പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ തുർച്ചയാണ് ഈ പുസ്തകം.

ഇ ശ്രം

അസംഘടിത മേഖലയിലെ 58,30, 188  തൊഴിലാളികളെ ഇ ശ്രം പദ്ധതിയിൽ ഉൾപ്പെടുത്താനായി. ഇതിനായി പ്രത്യേക ക്യാമ്പുകളും പ്രചാരണ പരിപാടികളും സംഘടിപ്പിച്ചു. മേൽ സൂചിപ്പിച്ചവയ്ക്കു പുറമെയാണ് തൊഴിൽ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോർഡുകൾ മുഖാന്തിരം നടപ്പാക്കുന്ന പദ്ധതികളും ധന സഹായങ്ങളും.

\"\"

Follow us on

Related News

പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ്: വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് വി.ശിവൻകുട്ടി

പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ്: വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം:പരീക്ഷാ സമയത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന...