JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കൊച്ചി: കോളജുകളില്‍ രാത്രി പഠനത്തിനും സൗകര്യം ഏര്‍പ്പെടുത്തണമെന്നും ഡിഗ്രി പ്രവേശനം പൊതുപരീക്ഷയുടെ അടിസ്ഥാനത്തിലാവണം എന്നതുമുള്‍പ്പടെയുള്ള സമഗ്രമാറ്റങ്ങള്‍ക്ക് നിര്‍ദേശം. സര്‍ക്കാര്‍ നിയോഗിച്ച ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ സമിതിയുടെ റിപ്പോര്‍ട്ടിലാണ് അടിമുടി മാറ്റങ്ങള്‍ക്ക് നിര്‍ദേശങ്ങളുള്ളത്. ശാസ്ത്രവിഷയങ്ങളില്‍ ആറു മാസത്തെ മിനിപ്രോജക്ടും എല്ലാ വിഷയങ്ങള്‍ക്കും രണ്ടുമാസത്തെ ഇന്റേണ്‍ഷിപ്പും നിര്‍ബന്ധമാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
മൂന്നു വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് പകരം ഗവേഷണത്തിന് ഊന്നല്‍ നല്‍കിയുള്ള നാല് വര്‍ഷ കോഴ്‌സുകളാക്കണം. ഗവേഷണത്തോടൊപ്പമുള്ള ബിരുദകോഴ്‌സുകള്‍ ജോലി സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍. എല്ലാ കോഴ്‌സുകള്‍ക്കും ഓണ്‍ലൈന്‍, ഓഫ്ലൈന്‍ മോഡല്‍ ക്ലാസുകളുള്ള സമ്മിശ്ര രീതി നടപ്പാക്കണം. നിലവിലെ സൗകര്യങ്ങളുപയോഗിച്ച് രണ്ട് ഷിഫ്റ്റ് ക്ലാസുകളും സായാഹ്ന കോഴ്‌സുകളും നടത്തണം. ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമടക്കം ഗുണകരമാവുന്ന തരത്തില്‍ വൈകിട്ട് അഞ്ചു മുതല്‍ രാത്രി 10 വരെ ഗവ, സ്വാശ്രയ, എയ്ഡഡ് കോളജുകളില്‍ സായാഹ്ന കോളജുകള്‍ പ്രവര്‍ത്തിക്കണം. ഇതിന് കരാറടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കാം. നിലവിലെ ഭൗതിക സൗകര്യങ്ങളുപയോഗിക്കാം എന്നതിനാല്‍ കോഴ്‌സ് നടത്തിപ്പ് ദുഷ്‌ക്കരമാവില്ല.
കോളജുകള്‍ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കണം.നിശ്ചിത സെമസ്റ്ററുകള്‍ പൂര്‍ത്തിയാക്കിയാല്‍ കോഴ്‌സിന്റെ ബാക്കി സംസ്ഥാനത്തെ മറ്റൊരു സര്‍വകലാശാലയില്‍ പഠിക്കാന്‍ അവസരമുണ്ടാവണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.. പ്രഫ. ശ്യാം ബി മേനോന്‍ അദ്ധ്യക്ഷനായുള്ള സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടിള്ളത്.