JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കായി ഇന്റേണ്‍ഷിപ് പരിപാടി നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ ചെറുപ്പക്കാര്‍ നേരിടുന്ന അനിശ്ചിതത്വം ഒഴിവാക്കാന്‍ ഇതു വലിയ സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പോളിടെക്നിക് കോളജുകളില്‍ നടപ്പാക്കുന്ന ‘ഇന്‍ഡസ്ട്രി ഓണ്‍ ക്യാംപസ് ഇന്‍ പോളിടെക്നിക്സ്’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉപരിപഠനം കഴിഞ്ഞു പുറത്തിറങ്ങുന്നവര്‍ക്ക് ഏതു സ്ഥാപനത്തിലും ജോലി ചെയ്യാന്‍ കഴിയുംവിധമാണ് ഇന്റേണ്‍ഷിപ്പ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്റേണ്‍ഷിപ് ചെയ്യുന്നവര്‍ക്കു സര്‍ക്കാര്‍ പ്രതിമാസം 5,000 രൂപ വീതം നല്‍കും. ചുരുങ്ങിയത് ഇത്രയും തുകയോ ഇതില്‍ കൂടുതലോ സ്ഥാപന ഉടമയും നല്‍കണം. വിദ്യാര്‍ഥികള്‍ ആര്‍ജിക്കുന്ന അറിവിനെ, സമൂഹത്തിനു പ്രയോജനപ്രദമായ നൂതന ആശയങ്ങളാക്കിമാറ്റണം. പോളിടെക്നിക്കുകളില്‍ ആരംഭിക്കുന്ന ഇന്‍ഡസ്ട്രി ഓണ്‍ ക്യാംപസ് പരിപാടി ഈ ലക്ഷ്യത്തോടെയുള്ളതാണ്. പാഠ്യപദ്ധതിക്ക് അനുസൃതമായി ക്യാംപസുകളില്‍ വ്യവസായങ്ങളുടെ യഥാര്‍ഥ മാതൃക സൃഷ്ടിച്ച് വിദ്യാര്‍ഥികള്‍ക്കു പ്രായോഗിക അറിവ് ആര്‍ജിക്കാനുള്ള അവസരമൊരുക്കുകയെന്നതും ഇതിന്റെ ഭാഗമായുണ്ട്. സംസ്ഥാനത്തെ 41 സര്‍ക്കാര്‍ പോളിടെക്നിക്കുകളിലായി 6.5 കോടിയുടെ പദ്ധതിയാണ് ഇതിനായി ആവിഷ്കരിച്ചിരിക്കുന്നത്. സി.എല്‍.സി, വെര്‍ട്ടിക്കല്‍ വെല്‍ഡിങ്, ലേസര്‍ കട്ടര്‍, വെല്‍ഡിങ് സ്റ്റേഷന്, റോബോട്ടിക്സ് ലാബ് തുടങ്ങിയ ഉയര്‍ന്ന നിലവാരത്തിലുള്ള ഉപകരണങ്ങള്‍, ആധുനിക യന്ത്രങ്ങള്‍ തുങ്ങിയവ ഇതിന്റെ ഭാഗമായി പോളിടെക്നിക്കുകളില്‍ സജ്ജമാക്കും.
തൊഴില്‍ മേഖലയ്ക്ക് ആവശ്യമായതെന്താണെന്ന് പഠനത്തിനിടയില്‍ത്തന്നെ വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്താന്‍ ‘ഇന്‍ഡസ്ട്രി ഓണ്‍ ക്യാംപസ്’ പരിപാടിക്കു കഴിയുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. കാലത്തിന് ആവശ്യമായ സ്കില്ലുകള്‍ വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നു നല്‍കാനും വ്യവസായ മേഖലയ്ക്ക് ആവശ്യമായ രീതിയില്‍ അവരുടെ കഴിവുകള്‍ വികസിപ്പിച്ചെടുക്കാനും ഇതിലൂടെ സാധിക്കും. പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കു തൊഴില്‍ ഉറപ്പാക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കരിയര്‍ ഓണ്‍ ക്യാംപസ് പരിപാടി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
0 Comments