JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
തിരുവനന്തപുരം : ഇതുവരെയും കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ പട്ടിക ഇന്ന് പുറത്തിറക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വാക്സിൻ എടുക്കാത്ത അധ്യാപകർ ആരെന്ന് സമൂഹം അറിയണം. ഇവർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. വാക്സിൻ എടുക്കാത്ത അധ്യാപകർ ആഴ്ചയിലൊരിക്കൽ സ്വന്തം ചിലവിൽ കോവിഡ് ടെസ്റ്റ് നടത്തി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറണം. ഇവർക്ക് നെഗറ്റീവ് ഫലം ആണെങ്കിൽ മാത്രം ജോലിക്കായി സ്കൂളിൽ എത്തിയാൽ മതി. വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കണക്ക് ജില്ല തിരിച്ച് ലഭിച്ചിട്ടുണ്ടെന്നും ഇന്ന് ഉച്ചയോടെ പേര് സഹിതം ഇവരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വാക്സിൻ എടുക്കാതെ സ്കൂളുകളിൽ എത്തുന്ന അധ്യാപകർ സാമൂഹിക വെല്ലുവിളി ഉയർത്തുന്നു എന്നാണ് സർക്കാർ പ്രതികരണം. ഇതുകൊണ്ടാണ് കടുത്ത നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നത്. വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് എതിരെയുള്ള നടപടികൾ കഴിഞ്ഞ ആഴ്ചയാണ് സർക്കാർ സ്വീകരിച്ചു തുടങ്ങിയത്.

വാക്സിൻ എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും സർക്കാർ പ്രോത്സാഹിപ്പിക്കില്ല എന്ന് മുന്നറിയിപ്പു നൽകിയിരുന്നു. സംസ്ഥാനത്ത് വാക്സിൻ എടുക്കാതെ അയ്യായിരത്തോളം അധ്യാപകരാണ് ഇപ്പോഴും സ്കൂളുകളിൽ എത്തിക്കൊണ്ടിരിക്കുന്നത്. ഇത് കുട്ടികളുടെ സുരക്ഷയെ ബാധിയ്ക്കുമെന്ന് സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് സൂചന.