കോട്ടയം: എംജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ഏകജാലകം വഴിയുള്ള ബിരുദാനന്തര – ബിരുദ, ബിഎഡ് പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഇതിൽ അലോട്മെന്റ് ലഭിച്ച അപേക്ഷകർ ഓൺലൈനായി അടക്കേണ്ട ഫീസ് അടച്ച് അലോട്മന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസമ്പർ 2 ന് വൈകുന്നേരം നാലു മണിയ്ക്കകം അലോട്മന്റ് ലഭിച്ച കോളേജിൽ ഹാജരായി പ്രവേശനം നേടണം. നിശ്ചിത സമയത്തിനകം ഫീസ് ഒടുക്കാത്തവരുടേയും ഫീസൊടുക്കിയ ശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്മന്റ് റദ്ദാകും.
രണ്ടാം സപ്ലിമെന്ററി അലോട്മെന്റിൽ പ്രവേശനത്തിനർഹത നേടിയ അപേക്ഷകർ തങ്ങൾക്ക് അലോട്മന്റ് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടുന്നപക്ഷം ഓൺലൈനായി അടയ്‌ക്കേണ്ട യൂണിവേഴ്സിറ്റി ഫീസിനു പുറമേ ട്യൂഷൻ ഫീ ഉൾപ്പെടെയുള്ള ഫീസ് കോളേജുകളിൽ ഒടുക്കി പ്രവേശം ഉറപ്പാക്കേണ്ടതാണ്.
മുൻ അലോട്മെന്റുകളിൽ സ്ഥിരപ്രവേശമെടുത്ത് നിൽക്കുന്നവർ രണ്ടാം സപ്ലിമെന്ററി അലോട്മെന്റിൽ പങ്കെടുക്കുകയും അലോട്മെന്റ് ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത്തരക്കാർ നിലവിൽ ലഭിച്ച അലോട്മെന്റിൽ തന്നെ പ്രവേശനമെടുക്കേണ്ടതാണ്. ഇത്തരക്കാരുടെ മുൻ അലോട്മെന്റ് റദ്ദാക്കപ്പെട്ടിട്ടുണ്ട്. രണ്ടാം സപ്ലിമെൻ്ററി അലോട്ട്മെൻ്റിൽ താത്ക്കാലിക പ്രവേശനം അനുവദനീയമല്ല. ഒന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റിൽ താത്ക്കാലിക പ്രവേശനം നേടിയിട്ടുള്ളവരും നിശ്ചിത സമയത്തിനകം അതത് കോളജുകളിലെത്തി പ്രവേശനം ഉറപ്പാക്കണം.
രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബർ മൂന്ന് മുതൽ ഏഴ് വരെ ഓൺലൈൻ രജിസ്ട്രേഷൻ /ഓപ്ഷൻ രജിസ്ട്രേഷൻ നടത്താവുനതും തുടർന്ന് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും കോളേജുകൾക്ക് ഡിസംബർ 14വരെ സംവരണ -മെറിറ്റ് തത്വങ്ങൾ പലിച്ചു കൊണ്ട് പ്രവേശനം നടത്താവുന്നതുമാണ്. വീണ്ടും ഒഴിവു വരുന്ന സീറ്റുകളിലേക്ക് ഡിസംബർ 15 മുതൽ 18 വരെ ഓൺലൈൻ രജിസ്ട്രേഷൻ /ഓപ്ഷൻ രജിസ്ട്രേഷൻ നടത്താവുനതും തുടർന്ന് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും കോളേജുകൾക്ക് ഡിസംബർ 24വരെ സംവരണ -മെറിറ്റ് തത്വങ്ങൾ പലിച്ചു കൊണ്ട് പ്രവേശനം നടത്താവുന്നതുമാണ്. പ്രവേശന നടപടികൾ ഡിസംബർ 24 നു പൂർത്തീകരിക്കാനാണ് സർവ്വകലാശാല കോളജുകൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.