തിരുവനന്തപുരം: ആദ്യ സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം ആരംഭിച്ചു. നവംബർ ഒന്നുമുതൽ 3വരെയാണ് പ്രവേശന നടപടികൾ. ആദ്യത്തെ സപ്ലിമെന്ററി അലോട്ട്മെന്റിനായി 94,390 വിദ്യാർത്ഥികളാണ് അപേക്ഷ നൽകിയത്. ഒന്നാം അലോട്ട്മെന്റിന് ശേഷം പ്രവേശനം നേടാൻ ബാക്കിയുള്ള വിദ്യാർത്ഥികളുടെ എണ്ണമനുസരിച്ച് താൽക്കാലിക ബാച്ചുകൾ അനുവദിച്ച് രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിക്കും. നവംബർ 17നാണ് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം 22, 23, 24 തീയതികളിൽ പൂർത്തിയാക്കും.വർധിപ്പിച്ച സീറ്റുകളിലേക്കുള്ള സ്കൂൾ കോംബിനേഷൻ മാറ്റത്തിന് നവംബർ 5, 6 തീയതികളിൽ അപേക്ഷിക്കണം. ഇതിന്റെ അടിസ്ഥാനത്തിലുള്ള ട്രാൻസ്ഫർ അലോട്മെന്റ് ഈ മാസം 9ന് പ്രസിദ്ധീകരിക്കും. ട്രാൻസഫർ അഡ്മിഷൻ 9,10 തീയതികളിൽ നടക്കും. നവംബർ 15 മുതലാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്.

