വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

രക്ഷിതാക്കളുടെ പൂർണ സമ്മതത്തോടെ മാത്രമേ കുട്ടികൾ ക്ലാസുകളിൽ എത്തേണ്ടതുള്ളൂ : മാർഗ്ഗരേഖ പുറത്തിറങ്ങി

Published on : October 08 - 2021 | 4:35 pm

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുള്ള മാർഗരേഖ പുറത്തിറക്കി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജും ചേർന്നാണ് മാർഗരേഖ പുറത്തിറക്കിയത്. കർശനമായ കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സ്കൂളുകളിൽ ക്ലാസ്സുകൾ ആരംഭിക്കുക. ആഴ്ചയിൽ ആറുദിവസം സ്കൂളുകൾ പ്രവർത്തിക്കും. ശനിയാഴ്ചയും പ്രവൃത്തിദിനമാകും. സർക്കാരിന്റെ ആറ് വകുപ്പുകൾ ചേർന്നാണ് മാർഗരേഖയിലെ നിർദേശങ്ങൾ നടപ്പാക്കുക. വിദ്യാഭ്യാസ വകുപ്പും, ആരോഗ്യവകുപ്പും, തദ്ദേശസ്വയംഭരണ വകുപ്പും ചേർന്നാണ് പ്രധാന ചുമതലകൾ നിർവഹിക്കുക.
രക്ഷിതാക്കളുടെ പൂർണ്ണ സമ്മതത്തോടു കൂടി മാത്രമേ വിദ്യാർഥികൾ സ്കൂളിൽ എത്തേണ്ടതുള്ളൂ. ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യഘട്ടത്തിൽ സ്കൂളിൽ എത്തേണ്ടതില്ല. വിപുലമായ അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിക്കും. സ്കൂളുകളിലും പരിസരങ്ങളിലും കുട്ടികൾ കൂട്ടംകൂടി നിൽക്കാൻ പാടില്ല എന്നതാണ് ഏറ്റവും പ്രധാന നിർദേശം. ശുചിമുറി സ്ഥലത്തും ഭക്ഷണം കഴിക്കുന്ന സ്ഥലത്തും കുട്ടികൾ കൂട്ടം കൂടാതിരിക്കാൻ പ്രത്യേകം അധ്യാപകരുടെ മേൽനോട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. പിടിഎയും ബന്ധപ്പെട്ട അധ്യാപകരും ചേർന്ന് സ്കൂളിൽ സൗകര്യപ്രദമായ സ്ഥലത്ത് ഉച്ച ഭക്ഷണ സൗകര്യം ഒരുക്കണം. സർവീസ് ആവശ്യപ്പെടുന്ന സ്കൂളുകൾക്ക് കെഎസ്ആർടിസി ബോണ്ട് അടിസ്ഥാനത്തിൽ സർവീസുകൾ നടത്തും.
കുട്ടികളുടെ സൗകര്യത്തിനായി സ്റ്റുഡൻസ് ഓൺലി ബസ്സുകളും അനുവദിക്കും യാത്രാസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഈയാഴ്ച പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സുമായി യോഗം നടത്തും. സർക്കാർ പുറത്തിറക്കിയ മാർഗരേഖ മുഴുവൻ എംഎൽഎമാർക്കും കൈമാറും. പൊതുനിർദ്ദേശങ്ങൾ അടക്കം മാർഗരേഖ എട്ടു ഭാഗങ്ങളാണുള്ളത്.

0 Comments

Related NewsRelated News