തിരുവനന്തപുരം: ഒളിമ്പിക്സ് മെഡല്‍ ജേതാവ് പി.ആര്‍. ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പിന്റെ ഉജ്ജ്വല സ്വീകരണം. ടോക്യോ ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ നേടിയ വെങ്കല മെഡൽ വിജയത്തിനു ശേഷം തലസ്ഥാനത്തെത്തിയ ശ്രീജേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മന്ത്രി വി.ശിവൻകുട്ടി ശ്രീജേഷിനെ പൊന്നാട അണിയിച്ച് ആദരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ഡെപ്യൂട്ടി സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ തസ്തികയില്‍ സേവനമനുഷ്ഠിച്ചിരുന്ന രാജേഷിന്റെ തസ്തിക ജോയിന്‍റ് ഡയറക്ടര്‍ (ഫിസിക്കല്‍ എഡ്യൂക്കേഷന്‍ & സ്പോര്‍ട്സ്) ആയി ഉയർത്തികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് മന്ത്രി വി. ശിവൻകുട്ടി കൈമാറി. കേരളത്തിൽ കൂടുതൽ ഹോക്കി മൈതാനങ്ങൾ നിർമ്മിക്കണമെന്ന് പി
.ആർ.ശ്രീജേഷ് മറുപടി പ്രസംഗത്തിൽ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു.

ആദരിക്കല്‍ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, പൊതുവിദ്യാഭ്യസ ഡയറക്ടര്‍ ജീവന്‍ബാബു കെ, ഐ.എ.എസ്, എന്നിവര്‍ക്കൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനേയും പി.ആർ. രാജേഷ് സന്ദർശിച്ചു. ഇന്ത്യൻ ടീം അംഗങ്ങൾ ഒപ്പുവെച്ച ഇന്ത്യൻ ടീമിന്റെ ജേഴ്സി പി.ആർ. രാജേഷ് മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.