തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സീറ്റുകൾ ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ പ്ലസ് വൺ അലോട്ട്മെന്റ് നടപടികൾ നിരീക്ഷിക്കാൻ എത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഹയർസെക്കൻഡറി അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റുകൾ വർധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബുവും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു ആകെ 4,65,219 അപേക്ഷകൾ ആദ്യ അലോട്ട്മെന്റിന് പരിഗണിച്ചെന്നും സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ ആകെയുള്ള 2,71,136 മെറിറ്റ് സീറ്റുകളിൽ 2,18,418 അപേക്ഷകർക്ക് അലോട്ട്മെന്റ് നൽകിയെന്നും മന്ത്രി പറഞ്ഞു.
. ഒന്നാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഒക്ടോബർ ഒന്നിനകം പൂർത്തീകരിച്ച് രണ്ടാമത്തെ അലോട്ട്മെന്റ് ഒക്ടോബർ 7 നു പ്രസിദ്ധീകരിക്കും. 20% മാർജിനൽ വർധനവിലൂടെ ഹയർ സെക്കൻഡറി പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും വേണ്ട സീറ്റുകൾ ലഭ്യമാകുമെന്നാണ് കരുതുന്നത് . എന്നിരുന്നാലും മുഖ്യഘട്ട പ്രവേശന നടപടികൾ പൂർത്തീകരിച്ചതിന് ശേഷം സ്ഥിതി പരിശോധിച്ച് തുടർനടപടി തീരുമാനിക്കും എന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
