തിരുവനന്തപുരം:ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ നിന്ന് പ്രതിസന്ധികളും ഇല്ലായ്മകളും തരണംചെയ്തു ജീവിത വിജയം നേടിയ സെല്‍വമാരിക്ക് സമഗ്ര ശിക്ഷാ കേരളത്തിന്റെ ആദരം. കുമളിക്കടുത്ത് ചോറ്റുപാറയില്‍ തോട്ടം തൊഴിലാളിയായ അമ്മയുടെയും അമ്മുമ്മയുടെയും തണലിലായിരുന്നു സെല്‍വമാരിയുടെ പ്രാഥമിക വിദ്യാഭ്യാസം.

ചോറ്റുപാറ ജി.എല്‍.പി. സ്കൂള്‍, മുരിക്കടി സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തമിഴ്നാട്ടില്‍ പ്ലസ് ടു വരെ പഠിച്ചു. തുടര്‍ന്ന് തിരുവനന്തപുരം വിമന്‍സ് കോളജില്‍നിന്ന് ബി.എസ്.സി.യിലും യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് എം.എസ്.സിയിലും മികച്ച വിജയം നേടി.

പി.എച്ച്.ഡി.ക്ക് യോഗ്യത ലഭിച്ചു. രണ്ടുവര്‍ഷമായി പഠനം തുടരുന്നു. കണക്കാണ് ഐഛിക വിഷയം. അവധികാലങ്ങളില്‍ വീട്ടില്‍ വരുമ്പോഴെല്ലാം അമ്മൂമ്മയ്ക്കൊപ്പം ഏലം എസ്റ്റേറ്റില്‍ കൂലിവേലയ്ക്ക് പോയിരുന്നു.

എസ്റ്റേറ്റിലെ കൂലിപ്പണിയില്‍നിന്ന് പണം കണ്ടെത്തി വിദ്യാഭ്യാസം നടത്തിവരുകയും ഹൈസ്കൂള്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്ത സെല്‍വമാരി ടീച്ചറെ സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ പൊന്നാടയും ഫലകവും നല്‍കിയാണ് ആദരിച്ചത് .
ജോലി കിട്ടിയതില്‍ സന്തോഷമുണ്ടെന്നും സിവില്‍ സര്‍വീസ് പരീക്ഷയാണ് അടുത്ത ലക്ഷ്യമെന്നും സെല്‍വമാരി ടീച്ചര്‍ പറഞ്ഞു.

0 Comments