ആധുനിക സംവിധാനത്തോടെയുള്ള ഓൺലൈൻ അധ്യയനം: ബജറ്റിൽ 10 കോടി അനുവദിച്ചു

തിരുവനന്തപുരം: ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കുട്ടികൾക്കുള്ള ഓൺലൈൻ പഠനം മികവുറ്റതാക്കാൻ സംസ്ഥാന ബജറ്റിൽ 10 കോടി രൂപ അനുവദിച്ചു. സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയിൽ ഒരു പൊതു ഓൺലൈൻ അധ്യയന സംവിധാനം സൃഷ്ടിക്കും. കൈറ്റ് – വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകളോടൊപ്പം അതാത് വിദ്യാലയങ്ങളിലെ അധ്യാപകർ നയിക്കുന്ന ഓൺലൈൻ ക്ലാസുകൾ കൂടി സംഘടിപ്പിക്കും.


കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനും കലാ – കരകൗശല സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും തെരഞ്ഞെടുത്ത സൃഷ്ടികൾ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യും. കുട്ടികൾക്ക് ഇതിനാവശ്യമായ പരിശീലനവും വിക്ടേഴ്സ് ചാനൽ മുഖേന നൽകും.
കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷിയും കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി യോഗ അടക്കമുള്ള വ്യായാമമുറകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക ഫിസിക്കൽ എജുക്കേഷൻ സെഷനുകൾ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യും.


വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് രണ്ട് ലക്ഷം ലാപ്ടോപ്പുകൾ ലഭ്യമാക്കുന്നതിനുള്ള കെഎസ്എഫ്ഇ സ്കീം സമയബന്ധിതമായി നടപ്പാക്കും.

Share this post

scroll to top