ന്യൂഡൽഹി: കോവിഡ് വ്യാപന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് ഈ വർഷത്തെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷ റദ്ധാക്കി. പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാൽ തുടങ്ങി 7മന്ത്രിമാരാണ് പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തത്. പരീക്ഷ നടത്തണമെന്ന് കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു. എന്നാൽ പല സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനവും ലോക്‌ഡൗണും നിലനിൽക്കുന്നതിനാൽ പരീക്ഷ ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ പരീക്ഷ നടത്തേണ്ടതുണ്ടോ എന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആരാഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ അന്തിമ തീരുമാനം കൈക്കൊണ്ടത്. പത്താം ക്ലാസ് പരീക്ഷ നേരത്തെ സിബിഎസ്ഇ റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് പത്താം ക്ലാസ് പരീക്ഷയും റദ്ധാക്കിയത്. പ്ലസ് ടു ക്ലാസ് വിദ്യാർത്ഥികളുടെ മൂല്യനിർണ്ണയം സംബന്ധിച്ച വിശദ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും.