കുടുംബശ്രീ ജില്ലാ മിഷനിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം: കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മലപ്പുറം ജില്ലയിലാണ് നിയമനം. ഫെബ്രുവരി 10ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. നിലവിൽ സർക്കാർ സർവീസിൽ സേവനമനുഷ്ഠിക്കുന്നവർക്കാണ് നിയമനം. യോഗ്യതയുള്ള ജീവനക്കാർ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി സഹിതം അപേക്ഷിക്കണം. അപേക്ഷകർക്ക് സർക്കാർ/ കേന്ദ്ര സർക്കാർ സർവീസുകളിലോ പ്രമുഖ എൻ.ജി.ഒകളിലോ ദാരിദ്ര്യലഘൂകരണം, സ്ത്രീശാക്തീകരണം എന്നീ മേഖലകളിൽ ചുരുങ്ങിയത് 10 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകർ രണ്ടു ദിവസം തങ്ങൾ ജോലിചെയ്യുന്നതോ, തങ്ങളുടെ സ്വന്തം തദ്ദേശഭരണ സ്ഥാപനങ്ങളിലുള്ളതോ അല്ലാത്ത ഒരു സി.ഡി.എസ് തിരഞ്ഞെടുത്ത്, അയൽക്കൂട്ട എ.ഡി.എസ്-സി.ഡി.എസ് തല പ്രവർത്തനങ്ങൾ പഠിക്കുകയും ഇതോടൊപ്പം പഠനം നടത്തിയ സി.ഡി.എസ് സ്ഥിതിചെയ്യുന്ന ജില്ലയിലെ കുടുംബശ്രീ ജില്ലാ മിഷൻ സന്ദർശിച്ച് അവിടത്തെ പ്രവർത്തനങ്ങളും പഠിക്കേണ്ടതാണ്. തുടർന്ന്, ഇതു സംബന്ധിച്ച് 10 പേജിൽ കവിയാത്ത ഒരു റിപ്പോർട്ട് തയ്യാറാക്കി എഴുത്തുപരീക്ഷയ്ക്ക് എത്തുമ്പോൾ കൈയ്യിൽ കരുതണം. എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അഭിമുഖത്തിന് കുടുംബശ്രീയിലൂടെ നടപ്പിലാക്കാൻ കഴിയുന്ന നൂതനമായ പദ്ധതികളെ സംബന്ധിച്ച് ബഡ്ജറ്റ് സഹിതമുള്ള ഇംഗ്ലീഷിലുള്ള അവതരണം അഞ്ച് മിനുട്ടിൽ നടത്തണം. അവതരണം മുൻകൂട്ടി തയ്യാറാക്കി പെൻഡ്രൈവിൽ കൊണ്ടുവരണം. അപേക്ഷകൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695011 എന്ന വിലാസത്തിൽ അയക്കണം. എഴുത്തുപരീക്ഷയും ഇന്റർവ്യൂവും ഫെബ്രുവരി 15ന് രാവിലെ 10 മുതൽ സംസ്ഥാന ദാരിദ്ര്യനിർമ്മാർജ്ജന മിഷൻ ഓഫീസിൽ വെച്ച് നടത്തും.

Share this post

scroll to top