തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് മുതൽ ഒരു ബെഞ്ചിൽ രണ്ടുകുട്ടികൾ വീതം ഇരുന്നുള്ള പഠനം. 10, 12 ക്ലാസുകലാണ് കൂടുതൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ക്ലാസുകൾ നടത്തുന്നത്. മാർച്ച് 17 മുതൽ ആരംഭിക്കുന്ന പൊതുപരീക്ഷയ്ക്ക് മുൻപായി പഠനം പൂർത്തീകരിക്കുന്നതിനാണ് ഒരേ സമയം ഇരട്ടി വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചു ക്ലാസുകൾ നടത്തുന്നത്.
കഴിഞ്ഞ ദിവസംവരെ ഒരു ബഞ്ചിൽ ഒരു വിദ്യാർത്ഥി എന്ന നിലയ്ക്കായിരുന്നു ക്ലാസുകൾ നടന്നിരുന്നത്.
പുതിയ ഉത്തരവനുസരിച്ച് മുഴുവൻ അധ്യാപകരും സ്കൂളിൽ എത്തണം. സ്കൂളുകളിലും ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കും. നൂറിൽ താഴെ മാത്രം കുട്ടികളുള്ള വിദ്യാലയങ്ങളിൽ മുഴുവൻ കുട്ടികൾക്കും ഒരേസമയം ക്ലാസുകളിൽ എത്താം.
നൂറിൽ അധികം കുട്ടികളുള്ള വിദ്യാലയങ്ങളിൽ ഒരേസമയം പരമാവധി 50 ശതമാനം എന്ന രീതിയിൽ ക്രമീകരണം നടത്തണം. സ്കൂളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസുകൾ തുടരാം.
കുട്ടികൾ കൊണ്ടുവരുന്ന ഭക്ഷണം അവർക്കു നിർദേശിച്ചിട്ടുള്ള ബഞ്ചിൽ ഇരുന്നു കഴിക്കണം. കൈ കഴുകുന്ന സ്ഥലത്തു ഹാൻഡ് വാഷ് ഉൾപ്പെടെയുള്ള സംവിധാനം ഉറപ്പു വരുത്തണം.
