തിരുവനന്തപുരം: കോവിഡ് കാലത്ത് വിദേശരാജ്യങ്ങളിൽ ആരോഗ്യമേഖലയിലുണ്ടായ ഒഴിവുകളിലേക്ക് അതിവേഗ നിയമനത്തിന് അവസരമൊരുക്കി നോർക്ക റൂട്ട്സ്. ഗൾഫ് രാജ്യങ്ങളിൽ ആരോഗ്യമേഖലയിൽ നഴ്സുമാരുടെയും ഡോക്ടർമാരുടെയും ഒട്ടേറെ ഒഴിവുകളാണുള്ളത്. നഴ്സിങ് മേഖലയിലുള്ളവർക്കായി ഇപ്പോൾ എക്സ്പ്രസ് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. ബി.എസ്സി.നഴ്സിങ് ബിരുദവും 22-നും 35-നും മധ്യേ പ്രായവുമുള്ള വനിതകൾക്കാണ് അവസരം. എക്സ്പ്രസ് റിക്രൂട്ട്മെന്റ് വഴി 23 മലയാളി നഴ്സുമാരുടെ സംഘം കഴിഞ്ഞദിവസം സൗദിയിലെത്തിയിരുന്നു. ഒഴിവുകളുടെ വിവരങ്ങൾ നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യം. 70,000 മുതൽ 80,000 രൂപവരെയാണ് ശമ്പളം.
