തിരുവനന്തപുരം: യു.ജി.സി ശമ്പളപരിഷ്കാരണവുമായി ബന്ധപ്പെട്ട വിഷയം ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്ന് മന്ത്രി കെ.ടി. ജലീൽ. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജ് പ്രിൻസിപ്പൽമാരുമായി നടത്തിയ വീഡിയോ കോൺഫ്രൻസിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്തിമ ഉത്തരവ് ഇറങ്ങുമെന്നും മന്ത്രി പറഞ്ഞു. എയ്ഡഡ് കോളജുകളിൽ 721 അദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ചതും 197 പുതിയ കോഴ്സുകൾ ആരംഭിച്ചതും, ശമ്പളബില്ലുകൾ നേരിട്ട് ട്രഷറിയിൽ സമർപ്പിക്കാൻ എയ്ഡഡ് കോളജ് പ്രിൻസിപ്പൽമാർക്ക് അനുവാദം നൽകിയതും, സമാശ്വാസ പദ്ധതി നടപ്പിലാക്കിയതും, റൂസ പദ്ധതിയിൽപ്പെടുത്തി 277.96 കോടി രൂപ കോളജുകളുടെ വികസനത്തിന് അനുവദിച്ചതും ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്ക് സർക്കാർ നടത്തുന്ന ഇടപെടലുകളുടെ തെളിവാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു