തിരുവനന്തപുരം: പരീക്ഷയും സ്‌കൂള്‍ തുറക്കുന്നതുമായും ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ. എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസ്സുകളിലെ പൊതുപരീക്ഷകള്‍ സംബന്ധിച്ച വിജ്ഞാപനം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഇതിനു ശേഷം മാത്രമേ സ്‌കൂള്‍ തുറക്കുന്ന കാര്യത്തിലും, പരീക്ഷകളെ സംബന്ധിച്ചും തീരുമാനമാകൂ.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓരോ വിഷയത്തിന്റെയും ഊന്നല്‍ മേഖലകള്‍ പ്രത്യേകം നിശ്ചയിക്കുന്നതിനും അതനുസരിച്ച് വിലയിരുത്തല്‍ സമീപനം നിര്‍ണ്ണയിക്കുന്നതിനും എസ്.ഇ.ഇ.ആര്‍.ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനുവരി 1 മുതല്‍ 10, 12 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് സംശയ നിവാരണത്തിനായി രക്ഷിതാക്കളുടെ സമ്മതത്തോടെ സ്‌കൂളുകളില്‍ എത്താമെന്നും വിദ്യാഭ്യാസ ഗുണമേന്മാ സമിതി അറിയിച്ചിട്ടുണ്ട്.