തിരുവനന്തപുരം: പ്ലസ്‌വൺ ഏകജാലക പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ചവർ ഒറിജിനൽ സർട്ടിഫിക്കറ്റ്, ടി സി, സി സി, ബോണസ് മാർക്ക് അവകാശപ്പെട്ട സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ അടച്ച് നവംബർ 10ന് വൈകീട്ട് 5 മണിക്ക് മുമ്പ് സ്ഥിരപ്രവേശനം നേടണം. പ്രവേശനത്തിന്റെ സമയക്രമം അലോട്ട്‌മെൻറ് സ്ലിപ്പിൽ ഉണ്ട്. നിശ്ചിത സമയത്ത്
ഹാജരാകാൻ സാധിക്കാത്തവർ ബന്ധപ്പെട്ട പ്രിൻസിപ്പൽമാരെ നേരിട്ട് വിളിച്ച് സമയക്രമം ഉറപ്പ് വരുത്തേണ്ടതാണ്. ഇതുവരെ ഒരു ക്വാട്ടയിലും പ്രവേശനം ലഭിക്കാത്തവർക്ക് സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം. സ്‌പോട്ട് അഡ്മിഷന് നവംബർ 12ന് വൈകീട്ട് 4 മണി വരെ അപേക്ഷിക്കാം.
ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർ, പ്രവേശനം ലഭിച്ചിട്ട് നോൺ ജോയിനിംഗ് ആയവർ, ടി സി വാങ്ങിയവർ എന്നിവർക്കു അപേക്ഷിക്കാൻ അർഹതയില്ല. നിലവിലെ ഒഴിവ് അനുസരിച്ച് ഇഷ്ടപ്പെട്ട കോഴ്‌സിൽ താല്പര്യമുള്ള സ്‌കൂളുകളിൽ അപേക്ഷിക്കാം. നവംബർ 13ന് രാവിലെ 9 മണിക്ക് സ്‌പോട്ട് അഡ്മിഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കും. അപേക്ഷകരുടെ മെറിറ്റ് അനുസരിച്ച് അപേക്ഷിച്ച സ്‌കൂളുകളിൽ ലിസ്റ്റ് വരും. പ്രവേശനം ആഗ്രഹിക്കുന്നവർ 13 ന് 12 മണിക്കു മുമ്പ് സാധ്യത ലിസ്റ്റിൽ ഉള്ള സ്‌കൂളിൽ ഹാജരാകണം എന്ന് ജില്ലാ കോർഡിനേറ്റർ വി എം കരീം അറിയിച്ചു. ഹാജരാകുന്ന സ്‌കൂളിലെ പ്രിൻസിപ്പൽമാർ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കി അന്നേ ദിവസം 4 മണിക്ക് മുമ്പ് പ്രവേശനം നടത്തി ലിസ്റ്റ് അപ്‌ലോഡ് ചെയ്യും.