ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കുമ്പോൾ അധ്യാപകരും വിദ്യാർത്ഥികളും പാലിക്കേണ്ട പ്രതിരോധ നടപടികൾ അടങ്ങുന്ന മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി. ക്ലാസുകൾ ഘട്ടംഘട്ടമായി തുറക്കുകയും സാമൂഹിക അകലം പാലിക്കേണ്ടത് നിർബന്ധമാണെന്നും യുജിസി നിർദേശിക്കുന്നു. ക്ലാസ് മുറികളിൽ സ്ഥലത്തിന്റെ ലഭ്യതയെ ആശ്രയിച്ച്, 50% വരെ വിദ്യാർത്ഥികളെ റൊട്ടേഷൻ അടിസ്ഥാനത്തിൽ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കാം.
രാജ്യത്തെ സ്കൂളുകള്‍ ഈ മാസം 15 മുതല്‍ ഘട്ടംഘട്ടമായി തുറക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്.
കണ്ടയ്ൻമെന്റ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതിയില്ല. കണ്ടയ്ൻമെന്റ് സോണുകളിലുള്ള അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്കൂളിലേക്ക് പ്രവേശനവും ഉണ്ടായിരിക്കുന്നതല്ല, അറിയിപ്പിൽ പറയുന്നു. വിദ്യാർത്ഥികളുടെ ഇരിപ്പിടങ്ങള്‍ സാമൂഹിക അകലം പാലിച്ചായിരിക്കണം. വിദ്യാർത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും മുഴുവന്‍ സമയം മാസ്ക് ധരിക്കണം.
ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കണം.
ചുമയോ തുമ്മലോ ഉണ്ടാകുമ്പോൾ മൂക്കും തൂവാല കൊണ്ട് മൂടണം.
സംശയാസ്പദമായി രോഗലക്ഷണം കണ്ടെത്തിയാൽ ഉടനടി റിപ്പോർട്ട് ചെയ്യണം. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യല്‍, ശുചിത്വ പരിശോധന എന്നിവയ്ക്കായി കര്‍മസമിതികള്‍ രൂപീകരിക്കണമെന്നും യുജിസിയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.