തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂൾ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യഭദ്രതാ അലവൻസ് എന്ന നിലയിലാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ 1 മുതൽ 5 വരെയുള്ള കുട്ടികൾക്കാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നത്. തുടർന്ന് 6 മുതൽ 8 ക്ലാസ് വരെയും ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യും.
എട്ടിന ഭക്ഷ്യവസ്തുക്കളുമാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രീ പ്രൈമറി, പ്രൈമറി വിഭാഗം ഭക്ഷ്യകിറ്റിൽ ഏഴ് കിലോ ഭക്ഷ്യധാന്യമുൾപ്പടെ 308.14 രൂപയ്ക്കുള്ള ഭക്ഷ്യവസ്തുക്കളും അപ്പർപ്രൈമറി വിഭാഗക്കാർക്ക് 10 കിലോ ഭക്ഷ്യധാന്യമുൾപ്പടെ 461.90 രൂപയ്ക്കുള്ള ഭക്ഷ്യവസ്തുക്കളുമാണ് നൽകുക. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈക്കോ) ആണ് ഭക്ഷ്യകിറ്റുകൾ വിതരണത്തിന് തയ്യാറാക്കുന്നത്.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളുകളിൽ നിന്ന് രക്ഷിതാക്കൾക്കാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുക. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12324 വിദ്യാലയങ്ങളിലെ 2727202 വിദ്യാർഥികൾക്ക് ഭക്ഷ്യകിറ്റിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു. ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി.എ. സന്തോഷ് എന്നിവർ പങ്കെടുത്തു.