ന്യൂഡൽഹി: ഇ.എസ്.ഐ. കോർപ്പറേഷന്റെ കീഴിലുള്ള മെഡിക്കൽ കോളജുകളിൽ 225 എം.ബി.ബി.എസ്. സീറ്റുകൾ വർധിപ്പിച്ചു. ഇ.എസ്.ഐ യിൽ അംഗങ്ങളായിട്ടുള്ളവരുടെ മക്കൾക്കുള്ള ക്വാട്ടയിലും ആനുപാതിക വർധനയുണ്ടാകും. രാജ്യത്തെ ഒമ്പത് മെഡിക്കൽ കോളജുകളിലായി 900 സീറ്റുകളാണ് ഇതുവരെ ഉണ്ടായിരുന്നത് എന്നാൽ വർധനവിനുശേഷം അത് 1125 ആകും. ഇവയിൽ 383 സീറ്റുകളിലേക്കാണ് ഇ.എസ്.ഐ. വരിക്കാരുടെ മക്കൾക്ക് ഇക്കുറി പ്രവേശനം നൽകുക.
ഇ.എസ്.ഐ. ക്വാട്ട വർധനവിൽ നേരത്തേ 34 സീറ്റ് ആയിരുന്ന കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ ഇക്കൊല്ലം മുതൽ 39 ആകും. ഇ.എസ്.ഐ. മെഡിക്കൽ കോളജുകളിലെ പ്രവേശനത്തിനുള്ള വിശദ മാർഗരേഖ പാരിപ്പള്ളി മെഡിക്കൽ കോളജ് ബോർഡ് കഴിഞ്ഞദിവസം പുറത്തിറക്കിരുന്നു.