ന്യൂഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻസ് പരീക്ഷയിൽ ആൾമാറാട്ടം നടത്തി ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥി അടക്കം 5 പേർ അറസ്റ്റിൽ. കുട്ടിയുടെ പിതാവ് ഉൾപ്പടെ അഞ്ച് പേരെയാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്. ജെഇഇ പ്രവേശന പരീക്ഷയിൽ അസമിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥി പകരക്കാരനെ വച്ചാണ് പരീക്ഷ എഴുതിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. പ്രവേശന പരീക്ഷയിൽ 99.8 ശതമാനം മാർക്ക് നേടിയാണ് ഈ വിദ്യാർത്ഥി അസമിൽ ഒന്നാമതെത്തിയത്.
വിദ്യാർത്ഥിയുടെ പിതാവിന് പുറമെ പരീക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ 3 പേരും അറസ്റ്റിലായി.
പരീക്ഷയിൽ റാങ്ക് നേടാൻ കൃത്രിമം കാണിച്ചതായി വ്യക്തമാകുന്ന ഫോൺകോൾ റെക്കോഡുകൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ചിലർ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. ഗുവാഹത്തിയിലെ പരീക്ഷാകേന്ദ്രത്തിലെ ഇൻവിജിലേറ്ററുൾപ്പെടെയുള്ള ജീവനക്കാർക്കും തട്ടിപ്പിൽ പങ്കുള്ളതായി കണ്ടെത്തി.