
മലപ്പുറം: വീട്ടിലിരുന്നുള്ള പഠനം ലളിതമാക്കാൻ കൊയ്‌ഡ് 4.0 അപ്ലിക്കേഷൻ തയ്യാറാക്കി വിദ്യാർത്ഥി. കൈറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാഠഭാഗങ്ങൾ ടൈംടേബിൾ പ്രകാരം കാണുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനും സൗകര്യമൊരുക്കുന്ന അപ്ലിക്കേഷനാണ് കൊയ്‌ഡ് 4.0. മലപ്പുറം, കോട്ടൂർ എ.കെ.എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് ഷബീറാണ് ഈ നേട്ടം കൈവരിച്ചത്. പത്താം ക്ലാസുകാരനായ ഷബീർ സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗമാണ്. കേരളത്തിലെ ഒന്ന് മുതൽ പത്ത് വരെയുളള വിദ്യാർത്ഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് സോഫ്റ്റ് വെയർ തയ്യാറാക്കിയിരിക്കുന്നത്. അധ്യാപകർക്ക് ആക്ടിവിറ്റികൾ, വർക്ക് ഷീറ്റുകൾ എന്നിവ അപ് ലോഡ് ചെയ്യാനും, വിദ്യാർത്ഥികൾക്ക് അത് ഡൗൺലോഡ് ചെയ്തു വർക്കുകൾ സമർപ്പിക്കുവാനും ഈ അപ്ലിക്കേഷൻ വഴി കഴിയും. കുറഞ്ഞ നെറ്റ് വർക്കിലൂടെ കൂടുതൽ ആശയ വിനിമയം നടത്താൻ സാധിക്കും.
