
തിരുവനന്തപുരം: അസിസ്റ്റന്റ് തസ്തികയിലെ 63 ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാൻ മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം.
ഒക്ടോബർ ഒന്നുവരെയുള്ള 54 വിരമിക്കൽ ഒഴിവുകളും ഒരു നിർബന്ധിത വിരമിക്കൽ ഒഴിവും എട്ട് വിടുതൽ ഒഴിവുകളുമാണ് പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യുക. പി.എസ്.സി. അസിസ്റ്റന്റ് റാങ്ക് പട്ടിക നിലനിൽക്കുന്നതിനാൽ 63 പേർക്ക് അവസരം ലഭിക്കും. അഫിലിയേറ്റഡ് കോളജുകളിലെയടക്കം ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനുമായി പ്രോ വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ അധ്യക്ഷനായ സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചു. കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയുമായി ചേർന്ന് സംയുക്ത ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് യോഗം പ്രാഥമിക ചർച്ച നടത്തി.
