ന്യൂഡൽഹി: അടഞ്ഞുകിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാജ്യത്തിന്റെ ഭാവിവരുമാനത്തിൽ ഇടിവുണ്ടാകാൻ ഇടയാക്കുമെന്ന് ലോകബാങ്ക്. ഗാർഹിക തൊഴിൽ വരുമാനത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ നിലവിലെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് വരുമാനനഷ്ടം കണക്കാക്കിയിരിക്കുന്നത്. 400 ബില്യൺ ഡോളർ (ഏകദേശം 30 ലക്ഷം കോടി രൂപ) വരുമാന നഷ്ടമാണ് ലോക ബാങ്ക് കണക്കാക്കുന്നത്.
നിലവിൽ വിദ്യാഭ്യാസം നേടുന്ന ഒരു കുട്ടി തൊഴിലിൽ പ്രവേശിച്ചുകഴിഞ്ഞാൽ ലഭിക്കുന്ന ആജീവനാന്ത വരുമാനത്തിൽ നിന്നും ആകെ 4400 ഡോളർ നഷ്ടമായേക്കാം. ആകെ വരുമാനത്തിന്റെ അഞ്ച് ശതമാനത്തോളമാണ് ഇത്.
ഇത്തരത്തിൽ നിലവിലെ കണക്കുകളെ അടിസ്ഥാനമാക്കി കണക്കുകൂട്ടിയാൽ 622 ബില്ല്യൺ ഡോളർ മുതൽ 880 ബില്ല്യൺ ഡോളർ നഷ്ടമാണ് ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുണ്ടാവുക എന്നാണ് ലോകബാങ്കിന്റെ കണക്കുകൾ പ്രവചിക്കുന്നത്. വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുന്ന വിദ്യാഭ്യാസത്തിന് പുറമമെയാണ് ഈ വരുമാനനഷ്ടവും. 391 ദശലക്ഷം വിദ്യാർത്ഥികളാണ് കോവിഡ് മൂലം പ്രതിസന്ധി നേരിടുന്നത്. നേരത്തെയുണ്ടായിരുന്ന വിദ്യാഭ്യാസ പ്രതിസന്ധികളെ കോവിഡ് കൂടുതൽ സങ്കീർണമാക്കി. 55 ലക്ഷം വിദ്യാർഥികൾക്ക് പഠനത്തിൽ നിന്നും വിട്ടുനിൽക്കേണ്ടിവന്നു, ഇത് ഒരു തലമുറയുടെ ഉത്പാദനക്ഷമയെ പൂർണമായും ബാധിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.