പി.എസ്.സി: നിയമന ഉത്തരവ് ലഭിച്ചവർക്ക് സാവകാശം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ പി.എസ്.സി വഴി ജോലിയിൽ പ്രവേശിക്കാൻ സാവകാശം അനുവദിച്ച് സർക്കാർ ഉത്തരവായി. പുതിയ മാനദണ്ഡങ്ങൾ പ്രകാരം നിയമന ഉത്തരവ് ലഭിച്ച സംസ്ഥാനത്തിന് അകത്തുള്ളവർ 10 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കണം. ഉദ്യോഗാർത്ഥി കോവിഡ് ബാധിതനാണെന്നുള്ള അപേക്ഷ നൽകിയാൽ രോഗം ഭേദമായ ശേഷം നിരീക്ഷണ കാലയളവും പൂർത്തിയാക്കി ആരോഗ്യ വകുപ്പിന്റെ സാക്ഷ്യപത്രം ലഭിച്ച് 10 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കണം. ഹോട്സ്പോട്ട്/കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടവർ അപേക്ഷ നൽകിയാൽ അവർ ഉൾപ്പെട്ട പ്രദേശം കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയ ശേഷം 10 ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിച്ചാൽ മതി.


ഇതരസംസ്ഥാനങ്ങളിൽ ഉള്ളവർക്കും വിദേശരാജ്യങ്ങളിൽപ്പെട്ടുപോയവർക്കും അപേക്ഷ നൽകിയാൽ അടിയന്തരമായി സംസ്ഥാനത്ത് എത്തിച്ചേരാനും മടങ്ങിയെത്തി ക്വാറന്റീൻ കാലാവധി പൂർത്തിയാക്കി സാക്ഷ്യപത്രം ലഭിച്ച് 10 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കാനും അനുവദിക്കും. ഈ
വ്യവസ്ഥകൾ പാലിക്കാതെ നിശ്ചിത കാലാവധിക്കുള്ളിൽ സർവീസിൽ പ്രവേശിക്കാത്ത ഉദ്യോഗാർത്ഥികളുടെ ഒഴിവ് എൻജെഡിയായി കണക്കാക്കി പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുമെന്നും പി.എസ്.സി ഉത്തരവിൽ പറയുന്നു.

Share this post

scroll to top