തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) 100 സ്‌കൂളുകളുടെ നിർമാണം പൂർത്തിയാക്കി. അഞ്ച് കോടി രൂപ വീതം ചെലവഴിച്ച് 141 സ്‌കൂളുകളിൽ നടപ്പിലാക്കുന്ന ആദ്യ പദ്ധതിക്ക് കീഴിൽ 67 സ്‌കൂളുകളുടെയും മൂന്ന് കോടി വീതം ചെലവഴിച്ച് 33 സ്‌കൂളുകളുടെയും നിർമാണമാണ് പൂർത്തിയാക്കി കൈമാറിയത്. 100 സ്‌കൂളുകളിലായി മൊത്തം 19.42 ലക്ഷം ചതുരശ്ര വിസ്തൃതിയിൽ 1617 ക്ലാസ്/സ്മാർട്ട് റൂമുകളും, 248 ലാബുകളും, 62 ഹാളുകളും തിയേറ്ററുകളും, 82 അടുക്കള-ഡൈനിംഗ് ഹാളുകളും, 2573 ശൗചാലയങ്ങളും സജ്ജമായതായി കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.
കിഫ്ബി ധനസഹായത്തോടെയും അതിനുപരി വരുന്ന തുക എം.എൽ.എ ഫണ്ടുൾപ്പെടെ ഉപയോഗിച്ചുമാണ് ഏകദേശം 434 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ കൈറ്റ് പൂർത്തിയാക്കിയത്.
ഏറ്റവും കൂടുതൽ സ്കൂളുകൾ മലപ്പുറം ജില്ലയിലാണ്, 15 എണ്ണം. കണ്ണൂർ ജില്ലയിൽ 14 സ്‌കൂളുകളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 12 സ്‌കൂളുകൾ വീതവും നിർമ്മിച്ചു. എറണാകുളം ജില്ലയിൽ 10 ഉം കൊല്ലത്ത് ഒൻപതും തൃശൂരിൽ എട്ടും കോട്ടയത്ത് ആറും കാസർഗോഡ് നാലും ആലപ്പുഴ, ഇടുക്കി, പാലക്കാട് ജില്ലകളിൽ മൂന്ന് വീതം സ്‌കൂളുകളും വയനാട് ജില്ലയിൽ ഒരു സ്‌കൂളും കൈമാറി.