
ന്യൂഡൽഹി: ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ നടത്തുന്നതിനെതിരെ ഏഴ് സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിക്കും. പ്രതിപക്ഷ പാർട്ടികൾ നേതൃത്വം നൽകുന്ന സംസ്ഥാനങ്ങളാണ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ മാറ്റിവെക്കണമെന്ന് ഒരു വിഭാഗം വിദ്യാർത്ഥികളിൽ നിന്നും ആവശ്യമുയർന്നിരുന്നു. എന്നാൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സമ്മർദ്ദം മൂലമാണ് പരീക്ഷ നടത്തുന്നതെന്നും പരീക്ഷ നടത്താതിരിക്കുന്നത് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നിലപട് വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെയാണ് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിളിച്ച പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കോൺഗ്രസിലെയും മറ്റ് പ്രതിപക്ഷപാർട്ടികളിലെയുമായി ഏഴു മുഖ്യമന്ത്രിമാരാണ് പങ്കെടുത്തത്. മമ്ത ബാനർജി, ഉദ്ധവ് താക്കറെ, ഹേമന്ദ് സോറൻ എന്നിവർക്കു പുറമേ കോൺഗ്രസ് മുഖ്യമന്ത്രിമാരായ ക്യാപ്റ്റൻ അമരീന്ദർ സിങ് (പഞ്ചാബ്), അശോക് ഗഹ്ലോത് (രാജസ്ഥാൻ), ഭൂപേശ് ബഘേൽ (ഛത്തീസ്ഗഢ്), വി. നാരായണസാമി (പുതുച്ചേരി) എന്നിവരും പങ്കെടുത്തു. കോവിഡ് വ്യാപനം മൂലം ജെഇഇ മെയിൻ, നീറ്റ് എന്നിവ മാറ്റിവയ്ക്കാൻ എൻടിഎയ്ക്ക് നിർദേശം നൽകിയ അപേക്ഷ ഓഗസ്റ്റ് 17 ന് സുപ്രീം കോടതി തള്ളിയിരുന്നു.