
തിരുവനന്തപുരം: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മാതൃകാ പരീക്ഷയൊരുക്കി പൊതുവിദ്യഭ്യാസ വകുപ്പിന്റെ പരിശീലന പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി (SIET) യാണ് മാതൃക നീറ്റ് പരീക്ഷ സംഘടിപ്പിക്കുന്നത്. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് സെല്ലുകളും ഈസി എന്ട്രന്സ് പ്ലസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷയുടെ ചോദ്യങ്ങൾ എസ്.സി.ഇ.ആർ.ടി വിശദമായ പരിശോധന നടത്തി അംഗീകരിക്കുകയുണ്ടായി. മാതൃകാ പരീക്ഷയുടെ രജിസ്ട്രേഷൻ ആഗസ്റ്റ് 5 മുതൽ 8 വരെ www.sietkerala.gov.in എന്ന വെബ്സൈറ്റിൽ നടത്താം. ആഗസ്റ്റ് 9 ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെയാണ് പരീക്ഷ. പരീക്ഷയിൽ മികച്ച വിജയം നേടുന്നവർക്ക് സമ്മാനങ്ങൾ നൽകുന്നതാണ്. മോക്ക് പരീക്ഷ രജിസ്ട്രേഷൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐഎഎസ്, എസ്.ഐ.ഇ.ടി. ഡയറക്ടർ ബി അബുരാജ്, ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഡോ. പി.പി. പ്രകാശൻ, പരീക്ഷാ സെക്രട്ടറി ലാൽ കെ.ഐ, ലാസിം സോഫ്റ്റ്‌വെയർ പ്രതിനിധികളായ റഫീഖ് മന്നമ്പത്ത്, ഷംസീർ അവാൽ തുടങ്ങിയവർ പങ്കെടുത്തു. പരിശീലന പദ്ധതി സൗജന്യമാണ്.
