ന്യൂഡൽഹി: കോവിഡ് വ്യാപനം ഏറിവരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്തമാസവും തുറക്കേണ്ടതില്ലെന്ന് തീരുമാനം. കേന്ദ്രസർക്കാർ പുറത്തിറക്കിയ അൺലോക്ക് മൂന്നാംഘട്ട മാർഗ നിർദേശത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യം സൂചിപ്പിച്ചത്. രാജ്യത്തെ സ്കൂളുകളും കോളജുകളും ഉൾപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓഗസ്റ്റ് 31വരെ അടഞ്ഞു തന്നെ കിടക്കും. നിലവിലെ സാഹചര്യത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കരുതെന്ന് വിദ്യാഭ്യാസ വിദഗ്ധരും വിവിധ സംസ്ഥാനങ്ങളും അഭ്യർഥിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മാർഗനിർദേശം പാലിച്ച് സ്വാതന്ത്ര്യദിനാഘോഷം നടക്കും. പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തുന്നതടക്കമുള്ള ഔദ്യോഗിക ചടങ്ങുകൾക്ക് മാറ്റമുണ്ടാകില്ല.
