.
തിരുവനന്തപുരം : തീരദേശ വിദ്യാലയങ്ങളുടെ വികസനം ലക്ഷ്യമിട്ട് 9 ജില്ലകളിലായി 56 സ്കൂളുകൾക്ക് പുതിയ കെട്ടിടത്തിന് ധനസഹായം നൽകി സംസ്ഥാന സർക്കാർ. കിഫ്ബി വഴി അനുവദിച്ച 64 കോടി രൂപ ചിലവിൽ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. വിദ്യഭ്യാസ രംഗത്തിന്റെ വളർച്ച തീരദേശ മേഖലയിലേക്കും വ്യാപിപ്പിക്കുക വഴി മത്സ്യതൊഴിലാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളായ ക്ലാസ്സ് മുറികൾ, ലൈബ്രറി ലാബുകൾ, സ്റ്റാഫ് മുറികൾ, ശുചിമുറികൾ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കും. തീരദേശ മേഖലയിൽ താമസിക്കുന്ന 22,546 വിദ്യാർത്ഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി നിർവഹിച്ചിരുന്നു.
പദ്ധതി ഇതിനകം തീരദേശ വികസന കോർപ്പറേഷൻ ടെൻഡർ ചെയ്തു കഴിഞ്ഞു. 6 മുതൽ 12 മാസ കാലയളവിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.