തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പദ്ധതിക്കായി 449 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് കേന്ദ്രം അനുമതി നൽകി. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ പ്രോഗ്രാം അപ്രൂവൽ ബോർഡ് യോഗത്തിലാണ് തീരുമാനം. 449 കോടി രൂപയിൽ 283 കോടി രൂപ കേന്ദ്ര വിഹിതമാണ്. 2020-21 വർഷത്തെക്കുള്ള വാർഷിക പദ്ധതി രേഖയും ബജറ്റും പൂർണ്ണമായി കേന്ദ്രസർക്കാർ അംഗീകരിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 66 കോടി രൂപ അധികമാണ് ഇത്തവണത്തെ കേന്ദ്ര വിഹിതം. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിനും പ്രഭാത ഭക്ഷണത്തിനും പുറമെ പാലും മുട്ടയും അടക്കമുള്ളവ നൽകുന്നത് അപ്രൂവൽ ബോർഡ് യോഗത്തിന്റെ പ്രശംസ ഏറ്റുവാങ്ങി.
ഈ വർഷം തിരഞ്ഞെടുത്ത 9025 സ്കൂളുകൾ പച്ചക്കറി തോട്ടം ഒരുക്കും. ഇതിനായി ഓരോ സ്കൂളിനും 5000 രൂപ വീതം അനുവദിക്കും. വിദ്യാർത്ഥികൾക്ക് പ്രാദേശികമായി ലഭിക്കുന്ന പഴവർഗങ്ങൾ നൽകുന്നതിനും അംഗീകാരമായി. സ്കൂളുകൾക്ക് ഗുണനിലവാരം ഉയർന്ന ധാന്യങ്ങൾ അനുവദിക്കുക, പാചക തൊഴിലാളികൾക്കുള്ള ഓണറേറിയത്തിന്റെ കേന്ദ്രവിഹിതം 600 രൂപയിൽ നിന്ന് 4500 രൂപയാക്കി ഉയർത്തുക എന്നീ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. വീഡിയോ കോൺഫ്രൻസ് വഴിയുള്ള യോഗത്തിൽ പൊതുവിദ്യഭ്യസ സെക്രട്ടറി എ. ഷാജഹാൻ, ഡയറക്ടർ കെ. ജീവൻബാബു തുടങ്ങിയവർ പങ്കെടുത്തു.