തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനൽ വഴി ഓൺലൈൻ ക്ലാസുകൾ നടക്കുന്ന സമയത്ത് ആ ക്ലാസിലെ വിദ്യാർത്ഥികൾക്ക് അതേ സമയത്തുതന്നെ സ്കൂളുകൾ സ്വന്തം നിലക്ക് ഓൺലൈൻ ക്ലാസുകൾ നടത്തരുതെന്ന് വിദ്യാഭ്യാസ വകുപ്പ്. വിക്ടേഴ്‌സ് ചാനലിലെ ക്ലാസ് കഴിഞ്ഞ ശേഷം അതുമായി ബന്ധപ്പെട്ട തുടർ പഠനത്തിനത്തിനും സംശയ നിവാരണത്തിനും സ്കൂളുകൾക്ക് ഇത്തരത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ ക്ലാസുകൾ നടക്കുമ്പോൾ ആ സമയത്ത് സ്കൂളുകൾ കേന്ദ്രീകരിച്ച് സമാന്തര ക്ലാസുകൾ വ്യാപകമാകുന്നതായി പരാതിയുണ്ട്.

സ്വകാര്യ വിഡിയോ കോൺഫെറെൻസിങ് ആപ്പുകൾ ഉപയോഗിച്ചാണ് അധ്യാപകർ ഇത്തരം ക്ലാസുകൾ നടത്തുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റേതിന് സമാനമായി എൽപി മുതൽ ഹയർ സെക്കൻഡറിതലം വരെയുള്ള കുട്ടികൾക്കാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ഇതുകാരണം പല വിദ്യാർത്ഥികൾക്കും വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകൾ കാണാൻ കഴിയുന്നില്ലെന്ന് പരാതിയുണ്ട്. ഒരേസമയം ഒന്നിലധികം ക്ലാസുകൾ നടക്കുന്നതും വിദ്യാർത്ഥികൾക്ക് പഠനത്തിന് തടസം ഉണ്ടാക്കുന്നുണ്ട്. എന്നാൽ വിക്ടേഴ്‌സ് ചാനലിലെ ക്ലാസ് കഴിഞ്ഞാൽ അതത് സ്കൂളുകൾക്ക് കുട്ടികളെ ഓൺലൈൻ വഴി പഠിപ്പിക്കുന്നതിൽ തടസ്സമില്ല.

0 Comments