തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് വഴി നാളെ ആരംഭിക്കുന്ന രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികളിലും എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പൊതുവിദ്യാഭ്യാസ വകുപ്പ്. ഇന്നലെ ഉച്ചവരെയുള്ള കണക്കനുസരിച്ച് ഇനി ഓൺലൈൻ ക്ലാസുകൾ ലഭ്യമല്ലാത്തത് 2800 കുട്ടികൾക്കാണ്. പ്രധാനമായും വൈദ്യുതി, കേബിൾ നെറ്റ് വർക് എന്നിവ ലഭ്യമല്ലാത്ത മലയോര മേഖലകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കുട്ടികൾ ആണ് അവർ. അത്തരം പ്രദേശങ്ങളിൽ ക്ലാസ്സുകൾ ഡൌൺലോഡ് ചെയ്ത് ലാപ് ടോപ് ഉപയോഗിച്ച് സൗകര്യം ലഭ്യമാക്കുന്നതിനാണ് ഇപ്പോൾ ശ്രമിക്കുന്നത്.
ഇതിനായി ഇരുന്നൂറോളം അയൽപക്ക കേന്ദ്രങ്ങളും പുതുതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ ടെലിവിഷൻ സെറ്റുകൾ ലഭ്യമാകുന്ന മുറക്ക് ആവശ്യമെങ്കിൽ ലാപ്‌ടോപ്പുകൾ മാറ്റി ടെലിവിഷനിലൂടെ ക്‌ളാസ്സുകൾ കാണുന്നതിനുള്ള സൗകര്യം ഒരുക്കുന്നതാണ്. കൂടുതൽ ടെലിവിഷൻ സെറ്റുകളും മറ്റു ഉപകരണങ്ങളും വരും ദിവസങ്ങളിൽ ലഭ്യമാകുന്നതോടെ എല്ലാ കുട്ടികൾക്കും പഠന സൗകര്യം ലഭ്യമാക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
0 Comments